പി.വി അന്‍വര്‍ എം.എല്‍.എ 50ലക്ഷം തട്ടിയ കേസ്: പുനരന്വേഷണത്തിന് കോടതി ഉത്തരവ്

Breaking Crime Keralam Local News Politics

മലപ്പുറം: കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം തട്ടിയ കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ അറസ്റ്റ് ഒഴിവാക്കാന്‍ കേസ് സിവില്‍ സ്വഭാവമാണെന്നു കാണിച്ച്് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച അന്തിമ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു.
തട്ടിപ്പിനിരയായ മലപ്പുറം സ്വദേശി നടുത്തൊടി സലീമിനെ വഞ്ചിക്കാന്‍ പി.വി അന്‍വറിന് ഉദ്ദേശ്യമില്ലായിരുന്നെന്ന് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍ ശരിയല്ലെന്നു വ്യക്തമാക്കിയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് എസ്. രശ്മി അന്വേഷണ റിപ്പോര്‍ട്ട് തള്ളിയത്. ക്രഷറിന്റെ ഉടമസ്ഥാവകാശം പി.വി അന്‍വറിനാണെന്ന് തെളിയിക്കുന്നതടക്കമുള്ള ഒരു രേഖകളും ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞില്ലെന്നും കോടതി വിലയിരുത്തി.
മംഗലാപുരം ബല്‍ത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി.വി അന്‍വര്‍ പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീമില്‍ നിന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തത്. പി.വി അന്‍വര്‍ എം.എല്‍.എ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായി നേരത്തെ കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി പി. വിക്രമനാണ് ഒടുവില്‍ കേസ് സിവില്‍ സ്വഭാവമുള്ളതെന്ന് മലക്കംമറിഞ്ഞ് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ എം.എല്‍.എയെ ചോദ്യം ചെയ്യാന്‍പോലും തയ്യാറാകാതെ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന സര്‍ക്കാരിനും പി.വി അന്‍വര്‍ എം.എല്‍.എക്കും കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്.
വഞ്ചനാകുറ്റത്തിന് ഐ.പി.സി 420 പ്രകാരം ജാമ്യമില്ലാവകുപ്പില്‍ ഏഴു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് അന്‍വറിനെതിരെ ചുമത്തിയിരുന്നത്. കേസില്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യേണ്ടിവരുമെന്ന ഘട്ടത്തിലാണ് ക്രൈം ബ്രാഞ്ച് കേസ് സിവില്‍ സ്വഭാവമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.
സലീമിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 50,000 രൂപയുടെ ചെക്ക് ഡെല്‍മ കമ്പനിയുടെ പേരില്‍ നല്‍കിയത് കരാറിലെ ലാഭ വിഹിതമാണെന്ന വാദവും കോടതി തള്ളി. ഇതല്ലാതെ ഒരു തുകയും പരാതിക്കാരന് നല്‍കിയതായുള്ള ഒരു രേഖയും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ ഇത് ലാഭവിഹിതമായി കണക്കാക്കാനാവില്ലെന്നും കോടതി വിലയിരുത്തി. പരാതിക്കാരനുവേണ്ടി അഡ്വ. അബ്ദുല്‍ റാഖിബ് ഹാജരായി.
ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച 11 പേജുള്ള റിപ്പോര്‍ട്ടില്‍ എം.എല്‍.എയെ ചോദ്യം ചെയ്തതായോ മൊഴി രേഖപ്പെടുത്തിയതായോ പറഞ്ഞിരുന്നില്ല. പരാതിക്കാരനായ നടുത്തൊടി സലീമില്‍ നിന്നും ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തത്തിനായി 50 ലക്ഷം വാങ്ങിയെന്ന് പി.വി അന്‍വര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കേസന്വേഷണ സമയത്ത് പോലീസിനോട് സമ്മതിച്ചുവെന്നുമാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിലുള്ളത്.
സി.പി.എം സഹയാത്രികനായ സലീം എം.എല്‍.എയുടെ തട്ടിപ്പ് സംബന്ധിച്ച് ആദ്യം പരാതി നല്‍കിയത് 2017 ഫെബ്രുവരി 17ന് എ.കെ.ജി സെന്ററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. പാര്‍ട്ടി നേതൃത്വം ഇടപെട്ട് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിലടക്കം ചര്‍ച്ച നടത്തിയിട്ടും പണം കിട്ടാഞ്ഞതോടെ മഞ്ചേരി പോലീസില്‍ പരാതി നല്‍കി. എം.എല്‍.എക്കെതിരെ പരാതിയില്‍ പോലീസ് അനങ്ങിയില്ല. ഇതോടെ തെളിവുകള്‍ സഹിതം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്േട്രറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയാണ് കേസ് എടുത്ത് അന്വേഷണം നടത്താന്‍ മഞ്ചേരി പോലീസിനോട് ഉത്തരവിട്ടത്. എം.എല്‍.എയെ രക്ഷിക്കാന്‍ കേസ് സിവില്‍ സ്വഭാവമുള്ളതെന്നാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനെതിരെ സലീം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മഞ്ചേരി പോലീസ് റിപ്പോര്‍ട്ട് തള്ളിയാണ് ഹൈക്കോടതി എം.എല്‍.എ പ്രതിയായ ഗുരുതരമായ സ്വാമ്പത്തിക തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.
തന്റെ വാദം കേള്‍ക്കാതെയാണ് ഉത്തരവെന്നു കാണിച്ച് പി.വി അന്‍വര്‍ എം.എല്‍.എ സമര്‍പ്പിച്ച പുനപരിശോധനാഹര്‍ജി തള്ളി ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാന്‍ ഉത്തരവിടുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം അന്വേഷണം ആരംഭിച്ച ക്രൈം ബ്രാഞ്ച് പി.വി അന്‍വര്‍ വിദേശത്തായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം നാട്ടിലെത്തുന്ന മുറക്ക് ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും നേരത്തെ വിവാദമായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുന്നുവെന്ന പരാതിയിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട്. എം.എല്‍.എ നിയമസഭാ സമ്മേളനത്തിലും പൊതുപരിപാടികളും പങ്കെടുക്കുന്ന സമയത്തായിരുന്നു വിദേശത്തായിരുന്നുവെന്ന റിപ്പോര്‍ട്ട് നല്‍കിയത്.
ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയായിരുന്നു. ഇതോടെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ സലീം സമര്‍പ്പിച്ച ഹരജിയിലാണ് കേസന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലാക്കുകയായിരുന്നു.
ക്രഷറും ഇത് സ്ഥിതിചെയ്യുന്ന 26 ഏക്കര്‍ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി.വി അന്‍വര്‍ പണം വാങ്ങി വഞ്ചിച്ചത്. എന്നാല്‍ ക്രഷര്‍ സര്‍ക്കാരില്‍ നിന്നും പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാര്‍ മാത്രമാണ് അന്‍വറിന് കൈമാറിയതെന്നുമാണ് ക്രഷറിന്റെ മുന്‍ ഉടമസ്ഥനായിരുന്ന ഇബ്രാഹിമിന്റെ മൊഴി. പി.വി അന്‍വര്‍ കരാറില്‍ സ്വന്തം ഉടമസ്ഥതയിലും ക്രയവിക്രയ സ്വാതന്ത്ര്യത്തോടുകൂടിയതുമാണ് ക്രഷര്‍ എന്ന് പറയുന്നതും ക്രഷര്‍ പാട്ടഭൂമിയിലുള്ളതാണെന്നു വ്യക്തമാക്കാത്തതും പ്രഥമ ദൃഷ്ട്യാ വഞ്ചനയാണെന്നാണ് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സെപ്തംബര്‍ 30ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഈ റിപ്പോര്‍ട്ടിന് കടകവിരുദ്ധമായാണ് കേസ് സിവില്‍ സ്വഭാവമാണെന്ന അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ക്രഷര്‍ സ്ഥിതി ചെയ്യുന്ന കര്‍ണാടക സര്‍ക്കാര്‍ ഭൂമിയില്‍ എം.എല്‍.എക്ക് പട്ടയ അവകാശമുണ്ടെന്ന വിചിത്രവാദവും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇത് തെളിയിക്കുന്ന ഒരു രേഖയും റിപ്പോര്‍ട്ടില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി തന്നെ വിലയിരുത്തി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍പോലും കര്‍ണാടകയിലെ ഭൂമിയില്‍ തനിക്ക് പാട്ടാവകാശം മാത്രമാണെന്നാണ് എം.എല്‍.എപോലും അവകാശപ്പെട്ടത്. എം.എല്‍.എ ഉന്നയിക്കാത്ത വാദം പോലും ഉയര്‍ത്തിയാണ് ക്രൈം ബ്രാഞ്ച് അദ്ദേഹത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചത്. കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടതോടെ പൊളിയുന്നത് എം.എല്‍.എ അറസ്റ്റില്‍ നിന്നും രക്ഷിക്കാനുള്ള നീക്കമാണ്.

മേല്‍ കേസിന്റെ നാള്‍ വഴികള്‍
പരാതിക്കാരനിലൂടെ

30-11-2011 , 17-02-2012 തീയതികളിലായി 50 ലക്ഷം രൂപ പി. വി അന്‍വര്‍ കൈപറ്റി. കെ ഈ സ്റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനവും അതിനോടനുബബന്ധിച്ചുള്ള 26 എക്കര്‍ ഭൂമിയും ക്രയവിക്രയാവകാശം ഉണ്ടെന്നും അതിന്റെ പത്തു ശതമാനം ഓഹരിക്കായുള്ള കരാര്‍ ഒപ്പിട്ടാണ് പണം ഈടാക്കിയത്. മാസം തോറും ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ളതാണ് കരാര്‍. സ്ഥാപനത്തിന്റെ രേഖകള്‍ സംബന്ധിച്ചും ഉടമസ്താവകാശം സംബന്ധിച്ചും സംശയം തോന്നി അന്വേഷിച്ചപ്പോള്‍ വഞ്ചിച്ചു പണം തട്ടിയതാണെന്നു ബോധ്യമായി . 2016 വരെ പലതവണ ആവശ്യപ്പെട്ടിട്ടും പണം തിരിച്ചുതന്നു പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറായില്ല. 2016 തെരഞ്ഞെടുപ്പ് കഴിഞ്ഞു തിരിച്ചു തരാമെന്നു വാക്കാല്‍ പറഞ്ഞു.

2017 ഫെബ്രുവരി 17നു സിപിഎം ജനറല്‍ സെക്രട്ടറിയെ നേരില്‍ കണ്ടു സഹായം തേടിയിട്ടും ഫലമുണ്ടായില്ല.

മഞ്ചേരി സിജെഎം കോടതിയില്‍ പരാതി നല്‍കിയ പ്രകാരം 20-12-17-നു കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്താന്‍ ഉത്തരവുണ്ടായി.

21-12-2017-നു മഞ്ചേരി പോലീസ് 588/17 നമ്പറില്‍ 420 വകുപ്പ് പ്രകാരം എഫ്.ഐ.ആര്‍ ഇട്ടു അന്വേഷണം ആരംഭിച്ചു. സി ഐ ഷൈജു അന്വേഷിച്ച കേസ്
05-11-2018-നു സിജെഎം കോടതിയില്‍ സിവില്‍ സ്വഭാവത്തില്‍ ഉള്ളതെന്ന് റിപ്പോര്‍ട്ട് ചെയ്തു.

അതിനകം ബഹു : ഹൈക്കോടതിയില്‍ അന്വേഷണത്തിലെ ക്രമക്കേടുകള്‍ കാണിച്ചുകൊണ്ട് പരാതിക്കാരന്‍ റിട്ട ഫയല്‍ ചെയ്തു. അത് അനുവദിച്ചു കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തി 13-11-2018-നു ഉത്തരവുണ്ടായി . സംസ്ഥാന പോലീസ് മേധാവി 14-11-2018-നു മലപ്പുറം ക്രൈം ബ്രാഞ്ചിന് അന്വേഷണ ചുമതല നല്‍കി.
പീ വീ അന്‍വര്‍ നല്‍കിയ റിവ്യൂ പെറ്റീഷന്‍ 05-12-2018-നു ഹൈക്കോടതി തള്ളി .

11-12-2018-നു മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ജസ്റ്റിന്‍ എബ്രഹാം അന്വേഷണത്തിന് നിയോഗിക്കപ്പെട്ടു.

അന്വേഷണത്തിലെ ക്രമക്കേടുകള്‍ ഉന്നത പോലീസ് മേധാവികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും വാസ്തവ വിരുദ്ധമായ റിപോര്‍ട്ടുകള്‍ പ്രതിയെ രക്ഷിക്കാനായി അന്വേഷണ സംഘം സമര്‍പ്പിച്ചുകൊണ്ടിരുന്നു. കര്ണകയിലുള്ള കേസുമായി ബന്ധപ്പെട്ട സ്ഥാപനത്തെ സംബന്ധിച്ച് അധികൃതരില്‍നിന്നു ലഭിച്ചതെന്ന് അവകാശപ്പെട്ടു അവാസ്തവമായ കാര്യങ്ങള്‍ ബഹു: മുഖ്യമന്ത്രിക്കും സമര്പിക്കുകയുണ്ടായി. അന്വേഷണം അകാരണമായി വൈകിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു.

മഞ്ചേരി സിജെഎം കോടതിയില്‍ ഇത് സംബന്ധിച്ച് നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണ സംഘത്തോട് കോടതി റിപ്പോര്‍ട്ട് തേടി. 11-08-2021-നു അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കാന്‍ ഉത്തരവുണ്ടായി. ഓരോ 15 ദിവസം കൂടുമ്പോഴും പുരോഗതി കോടതിയെ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കോടതിയുടെ മുമ്പിലും അടിസ്ഥാന വിരുദ്ധമായ കാര്യങ്ങളാണ് അന്വേഷണ സംഘം നല്‍കിക്കൊണ്ടിരുന്നതു.

കേസിനാസ്പദമായ സ്ഥാപനത്തിന്റെ ഉടമയില്‍നിന്നു മൊഴിയെടുത്ത ശേഷം 30-09-2021-നു അന്വേഷണ സംഘം കോടതിയില്‍ പി.വി അന്‍വര്‍ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയിട്ടുള്ളതായി റിപ്പോര്‍ട്ട് ചെയ്തു.

കേസ് ഡയറി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെടുകയും നവംബര്‍ 30-നു അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

കോടതിയില്‍ അന്വേഷണ സംഘം ഡിസംബര്‍ 31-നു ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അറിയിച്ചു.
ആ റിപ്പോര്‍ട്ടില്‍ കേസ് സിവില്‍ സ്വഭാവമുള്ളതാണെന്നു അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി.

ഒരു തെളിവും രേഖയുമില്ലാതെ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന് പരാതിക്കാരന്‍ 20-01-2022-നു ഒബ്ജക്ഷന്‍ ഫയല്‍ ചെയ്തു.
കേസില്‍ പ്രതിക്ക് വഞ്ചന നടത്താന്‍ ഉദ്ദേശമില്ലായിരുന്നു എന്ന അന്വേഷണ സംഘത്തിന്റെ പരാമര്‍ശം കോടതി തള്ളുകയും റിപ്പോര്‍ട്ട് തിരിച്ചു നല്‍കി പുനരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തു .(21022022)