കെ.എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് മാസം 25കഴിഞ്ഞു. എങ്ങുമെത്താതെ അന്വേഷണം

Breaking Crime News

കെ.എം ബഷീര്‍ എന്ന ഊര്‍ജ്ജസ്വലനായ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ കേസന്വേഷണം. 2019ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ 1.30 നാണ് തിരുവനന്തപുരം പബ്ലിക് ഓഫിസിനു സമീപം വെച്ച് സിറാജ് പത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ ബൈക്കില്‍ സഞ്ചരിക്കവെ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ടത്. അപകടം നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്ന ശ്രീറാമിനൊപ്പം സുഹൃത്ത് വഫയുമുണ്ടായിരുന്നു. അമിത വേഗത്തിലെത്തിയ കാര്‍ കെ എം ബഷീറിനെ ഇടിച്ചിട്ടശേഷം പബ്ലിക് ഓഫിസിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്.

മദ്യലഹരിയില്‍ കാറോടിച്ച ശ്രീരാം ആ കുറ്റം കൂടെയുണ്ടായിരുന്ന സ്ത്രീ സുഹൃത്ത് വഫയുടെ മേല്‍ ആരോപിക്കുകയും പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീരാം അനുമതിയില്ലാതെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും മദ്യപിച്ചിട്ടുണ്ടോയെന്നറിയാനുള്ള രക്ത പരിശോധനയ്ക്ക് വിസമ്മതിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷം രക്തം പരിശോധിക്കുകയും പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ആശുപത്രിയിലായ ശ്രീരാംപിന്നീട് അറസ്റ്റിലാവുകയും മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ അദ്ദേഹത്തെ തുടര്‍ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ശ്രീരാമിന്മറവി രോഗമുണ്ടെന്ന തരത്തിലുള്ള വിദഗ്ധ ഡോക്റ്റര്‍മാരുടെ റിപ്പോര്‍ട്ടും വളരെയധികം വിവാദമായി. വൈകാതെ ശ്രീറാം സസ്‌പെന്‍ഷനിലുമായി.

2020 ഫെബ്രുവരി ഒന്നിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ശ്രീറാം ഒന്നാം പ്രതിയും വഫ രണ്ടാം പ്രതിയും. അമിത വേഗത്തിലോടിച്ച കാറിടിച്ചാണ് അപകടം സംഭവിച്ചതെന്നും 100 കിലോമീറ്ററിലേറെ വേഗത കാറിനുണ്ടായിരുന്നെന്നും കണ്ടെത്തലായിരുന്നു കുറ്റപത്രത്തിലുണ്ടായിരുന്നത്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയാണ് ശ്രീറാമിന്റെ പേരില്‍ ചുമത്തിയത്. വഫക്കെതിരെ പ്രേരണാ കുറ്റവും.

2020 ഫെബ്രുവരി 24 ന് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ടു പ്രതികള്‍ക്കും കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കി. തുടര്‍ന്ന്അപകട ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ പകര്‍പ്പ് വേണമെന്ന് ശ്രീറാം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നിരവധി പരിശോധനകള്‍ പൂര്‍ത്തിയാക്കി തെളിവുകളുടെ പകര്‍പ്പ് നല്‍കുന്നതിന് ഒരുപാട് സമയമെടുക്കുകയും പിന്നീട് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. പ്രതികള്‍ പലപ്പോഴും കോടതിയില്‍ ഹാജരായിരുന്നില്ല. വിവിധ തടസവാദങ്ങള്‍ ഉന്നയിച്ച് കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്ന തന്ത്രമാണ് ശ്രീരാം വെങ്കിട്ടരാമന്‍ തുടരുന്നത്. . പലവട്ടം നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും വിവിധ ഒഴിവുകള്‍ പറഞ്ഞ് മാറിപ്പോകുകയായിരുന്നു

കെ. എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഇരുപത്തിയഞ്ച് മാസം പിന്നിട്ടു. പക്ഷെ പ്രതിയായ 2019 ഓഗസ്റ്റ് അഞ്ചിന് സസ്‌പെന്‍ഷനിലായ ശ്രീറാം . 2020 മാര്‍ച്ചില്‍ സര്‍വ്വീസില്‍ തിരിച്ചെത്തി. ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രെട്ടറി ആയിട്ടായിരുന്നു നിയമനം. വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്നതിനുള്ള ഫാക്ട് ചെക്ക് വിഭാഗത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രതിനിധി കൂടിയാണ് ശ്രീറാം. ഇപ്പോള്‍ സംസ്ഥാന കോവിഡ് ഡാറ്റ മാനേജ്‌മെന്റ് നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നു.

ഇനി എന്ത് തരം നീതിയാണ് ബഷീറും അദ്ദേഹത്തിന്റെ കുടുംബവും പ്രതീക്ഷിക്കുന്നുണ്ടാവുക. ഉന്നത സ്ഥാനത്തുള്ള പ്രതി കണ്മുന്നില്‍ ജീവിതം കെട്ടിപ്പടുക്കുമ്പോള്‍ ജീവനും ജീവിതവും നഷ്ടപ്പെട്ടവര്‍ നിസ്സഹായതയോടെ തലകുനിക്കേണ്ടി വരുന്നു.