വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലിമുസ്ലിയാരും കോണ്‍ഗ്രസ്സുകാര്‍

Breaking Keralam News Politics

മലബാര്‍ സമര നേതാക്കളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ എന്നിവരുള്‍പ്പെടെ 387 പോരാളികളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍നിന്ന് നീക്കംചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ബി.ജെ.പി.ഒഴികെയുള്ള കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുവന്ന സ്ഥിതിവിശേഷമാണിപ്പോഴുളളത്. എന്നാല്‍ സമര നായകന്‍മാരായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലിമുസ്ലിയാരേയൂം എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഏറ്റെടുക്കുമ്പോള്‍ ഇവരുടെ രാഷ്ട്രീയം ഇതുവരെ വലിയ ചര്‍ച്ചയായി മാറിയിരുന്നില്ല. എന്നാല്‍
സ്വാതന്ത്ര്യ സമര സേനാനികളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും കോണ്‍ഗ്രസ്സുകാരായിരുന്നുവെന്നുവെന്ന പ്രസ്താവനയുമായി മലപ്പുറം ഡി.സി.സിയുടെ നിയുക്ത പ്രസിഡന്റ് വി. എസ്. ജോയ് ഇന്നു രംഗത്തുവന്നു. ഇവരെ പോലെയുള്ള ധീര ദേശാഭിമാനികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്നു ഒഴിവാക്കുന്നത് ന്യായീകരിക്കാന്‍ ആവില്ലെന്നും ഇത്തരം ഫാഷിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഫിനിക്‌സ് ഫൗണ്ടേഷന്‍ മലപ്പുറത്ത് സംഘടിപ്പിച്ച ചരിത്രം വഴിമാറില്ല എന്ന പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഞ്ചേരി കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത വാരിയന്‍ കുന്നനും കോഴിക്കോട് സമ്മേളനത്തില്‍ പങ്കെടുത്ത ആലി മുസ്ലിയാരും ഗാന്ധിജിയില്‍ ആകൃഷ്ടരായാണ് സമര രംഗത്തിറങ്ങുന്നത്.
ഗാന്ധിജിയുടെയും അലി സഹോദരന്‍മാരുടെയും നേതൃത്വത്തില്‍ നടന്ന ഖിലാഫത്ത് സമരത്തിന്റെ ഭാഗമായിരുന്നു മലബാര്‍ സമരം. വലിയ സമരങ്ങളുടെ ഭാഗമായി നടന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ചു കാണിച്ചു വര്‍ഗീയ സമരമായി ചിത്രീകരിക്കുന്നത് നീതികരിക്കാനാവാത്തതാ ണെന്നും ജോയ് പറഞ്ഞു. ചടങ്ങില്‍ ഫീനിക്‌സ് പ്രസിഡന്റ് കുരിക്കള്‍ മുനീര്‍ അധ്യക്ഷത വഹിച്ചു.
അഡ്വ.കെ.എന്‍.എ.ഖാദര്‍, ഡോ. കെ. എസ്. മാധവന്‍, ഡോ. എം. ഹരിപ്രിയ, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി. പി. ഹാരിസ്, ഹാരിസ് ബാബു ചാലിയാര്‍, എ. കെ. സൈനുദ്ദീന്‍, എന്‍. കെ. ഹഫ്‌സല്‍ റഹ്മാന്‍, അഷ്‌റഫ് തെന്നല, കെ. എം. ശാഫി, നിസാര്‍ കാടേരി, റിയാസ് കള്ളിയത്ത്, എം. പി. മുഹ്‌സിന്‍, ടി. എച്ച്. അബ്ദുല്‍ കരീം, പി. ടി. ഇസ്മായില്‍ പ്രസംഗിച്ചു.

ഫ്രീഡം ഫയറുമായി ഡി.വൈ.എഫ്.ഐയും

അതേ സമയം പെരുതിയവരുടേതാണ് ചരിത്രം മാപ്പിരന്നവരുടേതല്ല എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച മലപ്പുറത്ത് ഫ്രീഡംഫയര്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. സ്വാതന്ത്ര സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് 1921ലെ മലബാര്‍ സമരവുമായി ബന്ധപ്പെട്ട പോരാളികളുടെ പേരുകള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിനെതിരെയാണ് ഫ്രീഡം ഫയര്‍ സംഘടിപ്പിക്കുന്നത്.
മലബാര്‍ സമര നേതാക്കളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ എന്നിവരുള്‍പ്പെടെ 387 പോരാളികളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍നിന്ന് നീക്കംചെയ്യാനുള്ള ശ്രമമാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിനെ (ഐസിഎച്ച്ആര്‍) ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് ജില്ലയിലെ 387 കേന്ദ്രങ്ങളിലാണ് ഫ്രീഡം ഫയര്‍ സംഘടിപ്പിക്കുക.
മലപ്പുറം കോട്ടക്കുന്നില്‍ നടക്കുന്ന പരിപാടി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി കെ മുബഷീര്‍ മഞ്ചേരി പയ്യനാടും, ജില്ലാ പ്രസിഡണ്ട് കെ ശ്യാംപ്രസാദ് മലപ്പുറത്തും, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ മുഹമ്മദ് ഷെരീഫ് കിഴിശ്ശേരിയിലും, പി മുനീര്‍ തിരൂര്‍ ബസ് സ്റ്റാന്റിലും പരിപാടി ഉദ്ഘാടനം ചെയ്യും.
പൊന്നാനി വെളിയങ്കോട് നടക്കുന്ന പരിപാടി എം എം നാരായണന്‍ ഉദ്ഘാടനം ചെയ്യും, പൂക്കോട്ടൂരില്‍ കെ ടി കുഞ്ഞിക്കണ്ണന്‍, മമ്പുറത്ത് എ ശിവദാസന്‍, മഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം അസൈന്‍ കാരാട്ട്, എടവണ്ണ ഒതായിയില്‍ കൊളാഷ് ചിത്രകാരന്‍ മനു കള്ളിക്കാട്, താനൂര്‍ നിറമരുതൂരില്‍ ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ വി സിദ്ധീഖും ഉദ്ഘാടനം ചെയ്യും
സമരകാലത്ത് അറസ്റ്റിലായവരുടെ മേല്‍ ചുമത്തിയ കുറ്റം ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചു എന്നതാണ്. ഇതിന് ബ്രിട്ടീഷ് അധികാരികളുടെതന്നെ രേഖകള്‍ തെളിവാണ്. പ്രത്യേക കോടതികള്‍ സ്ഥാപിച്ച് വിചാരണയ്ക്കുശേഷമാണ് സമര നേതാക്കളെ അറസ്റ്റ് ചെയ്തതും വധശിക്ഷ നടപ്പാക്കിയതും. അത് മാനിക്കാതെ സാമുദായിക കലാപം മാത്രമാക്കി മലബാര്‍ സമരത്തെ ചിത്രീകരിക്കുന്നത് ചരിത്രത്തെ കാവിവല്‍ക്കരിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ഇതിനെതിരെ മുഴുവന്‍ ജനങ്ങളും പ്രതിഷേധവുമായി രംഗത്ത് വരണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.