അവസാനം ലീഗ് നേതൃത്വത്തിന് മുന്നില്‍ ഹരിത കീഴടങ്ങി…

Breaking Keralam Politics

ഹരിത എം.എസ്.എഫ് പ്രശ്‌ന പരിഹാരത്തിനു ഫോര്‍മുല പ്രഖ്യാപിച്ചെങ്കിലും ഹരിതയിലെ വലിയൊരു വിഭാഗത്തിന് അതൃപ്തി. ലീഗ് നേതൃത്വത്തിന്റെ തിട്ടൂരത്തിന് മുന്നില്‍ ഹരിത നേതാക്കള്‍ മുട്ടുമടക്കിയെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. ഇ.ടി. മുഹമ്മദ് ബീഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ എം.എസ്.എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ച് തലയൂരി, ഖേദപ്രകടനം ഫേസ്ബുക്കിലൂം പോസ്റ്റ് ചെയ്യും. ഹരിതയെ മരവിപ്പിച്ച നടപടി പിന്‍വലിക്കുകയും ചെയ്തു. എം.എസ്.എഫ് നേതാക്കള്‍ക്കെതിരെയുള്ള വനിതാ കമ്മീഷനിലെ പരാതിയും പന്‍വലിക്കും. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍ എം. പി യുടെ നേതൃത്വത്തില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ ക്കൊടുവില്‍ ഇന്നലെ രാത്രി 12മണിയോടെ യാണ് തീരുമാനം ആയത്. തീരുമാനം ഇന്ന് ഉച്ചയോടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം വാര്‍ത്ത കുറിപ്പിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെ ആരോപണവിധേയരായ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാതെ പിന്‍മാറില്ലെന്ന നിലപാടിലായിരുന്നു ഹരിത.

പി.എം.എ സലാമിന്റെ പത്രക്കുറിപ്പ്

ഡല്‍ഹിയില്‍ ആയിരുന്ന മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ ഒരാഴ്ചയായി ഫോണില്‍ വിവിധ നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടു വരികയായിരുന്നു. അവസാനമായി ഇന്നലെ ഹരിത പ്രശ്‌ന പരിഹാരത്തിനായി ഡല്‍ഹിയില്‍ നിന്നും നാട്ടിലെത്തിയ ഇ. ടി. പാര്‍ട്ടി ഉന്നതധികാര സമിതി അംഗങ്ങളുമായും ഇരു വിഭാഗം നേതാക്കളുമായും നേരിട്ടും ഫോണിലും പലതവണ ചര്‍ച്ച നടത്തി. ശേഷം മലപ്പുറം ലീഗ് ഹൗസില്‍ വെച്ച് നേതാക്കള്‍ എം.എസ്.എഫ്, ഹരിത നേതാക്കളെ തനിച്ചും ഒന്നിച്ചിരുത്തിയും സംസാരിച്ചു. ഇ.ടി യെ കൂടാതെ ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, എം.കെ.മുനീര്‍ എം.എല്‍.എ ചര്‍ച്ചക്കു നേതൃത്വം നല്‍കി. എം. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, വൈസ് പ്രസിഡന്റ് അഷര്‍ പെരുമുക്ക്, ഫാത്തിമ തഹ്ലിയ, മുഫീദ തസ്നി, നജ്മ തബ്ഷീറ, ഷംന എന്നിവര്‍ ഇരു വിഭാഗത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു.

എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ വനിത കമ്മീഷനില്‍ ഹരിത നേതാക്കള്‍ നല്‍കിയ പരാതി പിന്‍വലിക്കാനും പരാതിക്കിടയാക്കിയ സംഭവത്തില്‍ എം.എസ്.എഫ് പ്രസിഡന്റ് പി കെ നവാസ് ഖേദം പ്രകടിപ്പിക്കാനും ധാരണയാവുകയായിരുന്നു. ഹരിത നേതാക്കള്‍ മുന്നോട്ടു വെച്ച സംഘടനയുമായി ബന്ധപ്പെട്ട മറ്റു നിര്‍ദേശങ്ങള്‍ പിന്നീട് പാര്‍ട്ടി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കാമെന്നാണ് ഇവരെ അറിയിച്ചത്. പാര്‍ട്ടിയെ പൊതു സമൂഹത്തില്‍ പ്രയാസത്തിലാക്കുന്ന ഇത്തരം വിഷയങ്ങള്‍ മേലില്‍ ഉണ്ടാവരുതെന്നും ഇരു വിഭാഗത്തിനും താക്കീത് നല്‍കിയിട്ടുമുണ്ട്.

പി.എം.എ സലാമിന്റെ പത്രക്കുറിപ്പ്