കോവിഡ് നിരക്ക് ഉയരുന്നു : മുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷ ബിജെപി നേതാക്കൾ

Keralam News Politics

സംസ്ഥാനം രാജ്യത്തെ ഏറ്റവും ഉയർന്ന കൊവിഡ് രോഗ നിരക്ക് തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷവും ബിജെപിയും. വൈകുന്നേരമുള്ള വാര്‍ത്താ സമ്മേളനം നിർത്തലാക്കിയതാണ് വിവിധ നേതാക്കള്‍ വിമർശിക്കുന്നത്. ഇന്നലെ കേരളത്തിലെ കൊവിഡ് കേസുകൾ 30000 കടന്നതോടെ മുഖ്യമന്ത്രി രംഗത്ത് വരുന്നില്ല എന്നാരോപിച്ചാണ് വിമർശനം.

കോവിഡ് നിയന്ത്രണത്തിൽ പരാജയപ്പെട്ടതിനെ വിശദീകരിക്കാൻ മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തണം എന്നും മാധ്യമപ്രവർത്തകർ അതിനായി തയ്യാറെടുക്കണം എന്നും കോൺഗ്രസ് നേതാവ് വിടി ബൽറാം ആവശ്യപ്പെട്ടു. അതോടൊപ്പം മുട്ടിൽ മരംമുറി കേസും ചർച്ച ചെയ്യണമെന്നും വിടി ബൽറാം പറഞ്ഞു. നൂറ് ദിവസം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാറിന്റെ വീഴ്ചകൾ ഓരോന്നായി എണ്ണിപ്പറഞ്ഞാണ് കോൺഗ്രസ്സ് യുവനേതാവ് ശബരീനാഥൻ രംഗത്തെത്തിയത്. സർക്കാരിന്റെ പരാജയങ്ങൾക്കൊപ്പം കോവിഡ് മരണങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന വിഷയത്തിൽ മൂന്നു മാസമായി സർക്കാരിന് മറുപടിയില്ല എന്നും ശബരീനാഥൻ ചൂണ്ടിക്കാട്ടി. ഇവർക്ക് പുറമെ വിവിധ പ്രതിപക്ഷ നേതാക്കൾ വിമർശനവുമായി എത്തിയിട്ടുണ്ട്.

‘ഒരു ആറുമണി വാര്‍ത്താസമ്മേളനം കേരളം കൊതിക്കുന്നു’ എന്ന പോസ്റ്റ് ഇട്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് വിഷയത്തില്‍ ആദ്യം പ്രതികരിച്ചത്. കേരളത്തിലെ കോവിഡ് സാഹചര്യം കൈ വിട്ടുപോകുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും കുറ്റപ്പെടുത്തി. ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ഒന്നാം തരംഗത്തില്‍ വിജയം ആഘോഷിച്ചവരും ക്രെഡിറ്റ് ഏറ്റെടുത്തവരും ഇപ്പോള്‍ പരാജയത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാണ്. വിജയത്തിൽ പുകഴ്ത്തി ദിവസവും പത്ര സമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി ഇപ്പോൾ എവിടെയാണെന്നും മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.