ഉത്രയുടെ കൊലപാത കേസിൽ നിർണായകമായത് ഡമ്മി പരീക്ഷണം

Crime Keralam News

തിരുവനന്തപുരം : ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കൊല്ലം അഞ്ചല്‍ സ്വദേശിനി ഉത്രയുടെ കേസിൽ നിർണായകമായത് അപൂർവമായി മാത്രം നടത്തുന്ന ഡമ്മി പരീക്ഷണം. രണ്ടു വട്ടം അടുത്തടുത്തായി പാമ്പു കൊത്തിയതിലുണ്ടായ വ്യത്യാസമാണ് ഡമ്മി ഉപയോഗിച്ച് തെളിയിച്ചത്. കൊല്ലം മുന്‍ റൂറല്‍ എസ്‌.പിയായ എസ്‌. ഹരിശങ്കറിന്റെ നേതൃത്വത്തില്‍ കൊല്ലം അരിപ്പയിലുള്ള വനംവകുപ്പിന്റെ സംസ്‌ഥാന പരിശീലന ഇന്‍സ്‌റ്റിറ്റ്യൂട്ടിൽ വെച്ചായിരുന്നു പരീക്ഷണം നടത്തിയിരുന്നത്.

പാമ്പ് സാധാരണ രീതിയിൽ കടിച്ചപ്പോഴുണ്ടായ മുറിവായിരുന്നില്ല ഉത്രയുടെ ശരീരത്തിൽ കണ്ടിരുന്നത്. പാമ്പിന്റെ തല പിടിച്ചുവച്ച് കടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മുറിവിന് ആഴം കൂടുതലായിരിക്കും. ഉത്രയുടെ അത്രതന്നെ ഭാരമുള്ള ഡമ്മി കട്ടിലിൽ കിടത്തി മൂര്‍ഖനെവെച്ച് കടിപ്പിക്കുകയായിരുന്നു. ഡമ്മിയുടെ വലത്തെ കൈയ്യിൽ കോഴിയിറച്ചി കെട്ടി വെച്ചിരുന്നു. ഇതിലേക്ക് പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉണ്ടായ മുറിവിന്റെ ആഴം അളക്കുകയായിരുന്നു. ഇതോടൊപ്പം പാമ്പിന്റെ തല പിടിച്ച് കടിപ്പിച്ചാൽ പാമ്പിന്റെ പല്ലുകൾ അകലുമെന്നും മനസിലാക്കി.

സാധാരണ രീതിയിൽ പാമ്പ് കടിച്ചാൽ 1.7-1.8 സെന്റിമീറ്റർ ആഴത്തിലാണ് മുറിവുണ്ടാവുക. പക്ഷെ ഉത്രയുടെ ദേഹത്ത് ഉണ്ടായിരുന്നത് 2.3 ഉം 2.8 ഉം സെന്റി മീറ്ററും ആഴത്തിലുള്ള മുറിവുകളാണ്. ഇത് കൂടാതെ മൂര്‍ഖന്‍ ഒരു തവണ കടിച്ചാൽ പിന്നെ കടിക്കില്ല എന്നുമുണ്ട്. ഉത്രയുടെ ഭർത്താവ് സൂരജ് നൽകിയ മൊഴിയുടെയും അന്വേഷണസംഘം കണ്ടെത്തിയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പരീക്ഷണം നടത്തിയിരുന്നത്. സംസ്ഥാനത്തെ ആദ്യത്തെ പാമ്പിനെ കൊണ്ട് കടിപ്പിച്ചുള്ള കൊലപാതകമായിരുന്നു ഉത്രയുടേത്.