സ്ത്രീധനംവങ്ങില്ലെന്ന് പ്രതിജ്ഞയെടുത്ത് പൊന്നാനി എം.ഇ.എസ് കോളജിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും

Breaking Keralam News

ഞങ്ങളാരും സ്ത്രീധനംവാങ്ങില്ലെന്ന് വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തപ്പോള്‍ തങ്ങളുടെ മക്കളെ കൊണ്ട് സ്ത്രീധനം വാങ്ങിപ്പിക്കില്ലെന്ന് രക്ഷിതാക്കളും പ്രതിജ്ഞയെടുത്തു. അതുപോലെ തങ്ങളുടെ വിദ്യാര്‍ഥികളെ ബോധവല്‍ക്കരണത്തിലൂടെ സ്ത്രീധന വിരുദ്ധരാക്കി മാറ്റുമെന്ന് അധ്യാപകരും പ്രതിജ്ഞയെടുത്തു.
പൊന്നാനി എം.ഇ.എസ് കോളജിലാണു മാതൃകാപ്രവര്‍ത്തനം നടന്നത്.
കോളേജിലെ നിര്‍ഭയ വിമണ്‍ സെല്ലിന്റെ നേതൃത്വത്തിലാണ് സ്ത്രീധന വിരുദ്ധ കാമ്പയിന്‍ ആരംഭിച്ചത്.

തങ്ങള്‍ സ്ത്രീധനം നല്‍കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലത്തില്‍ എല്ലാവരും ഒപ്പുവെയ്ക്കുകയും ചെയ്തു. സംവിധായിക വിധു വിന്‍സെന്റ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീധനത്തിനെ പരിപോഷിപ്പിക്കുന്ന രീതിയില്‍ സിനിമാ മേഖലയില്‍ പ്രത്യക്ഷമാകുന്ന അനാവശ്യ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ മുന്‍കയ്യെടുക്കുമെന്ന് വിധു വിന്‍സെന്റ് പറഞ്ഞു. കാമ്പയിനിന്റെ ഭാഗമായി വിമണ്‍ സെല്‍ തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനവും വിധു നിര്‍വ്വഹിച്ചു. കുട്ടികളുമായി സംവാദവും നടത്തി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. അജിംസ്.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിമണ്‍ സെല്‍ കോര്‍ഡിനേറ്റര്‍ ഡോ. വി.യു അമീറ, ഡോ. സമീറ ഹനീഫ് എന്നിവര്‍ സംസാരിച്ചു