തിരിച്ചറിവ്

Writers Blog

ആബിദ അബ്ദുല്‍കാദര്‍ പുളിക്കൂര്‍

അന്ധകാരത്തിന്റെ കാണാപ്പുറങ്ങളില്‍
അന്ധമായ് നില്‍ക്കുന്നു മാനുഷ കോലങ്ങള്‍
നേരമില്ലിന്നു ജീവിക്കാനാര്‍ക്കുമേ
നെട്ടോട്ടമോടുന്നു എന്തിനു വേണ്ടിയോ..

ചന്തമേറും കിളിയാണിതെന്നോതി
ചന്തമായ് കൂട്ടിലടച്ചു വളര്‍ത്തും..
ഒറ്റ മൈനയെ കണ്ടാല്‍ ദുഃഖമെന്നോതി
രണ്ടാമതൊന്നിനെ തിരഞ്ഞു നടക്കും…

അനുകമ്പ ഇല്ലാതെ എന്തിനു വേണ്ടിയോ
ദിശയറിയാത്തൊരു യാത്രയിലാണിന്ന്..
സ്‌നേഹിക്കാന്‍ മറന്നോ സ്വാര്‍ത്ഥത നിറഞ്ഞോ
അര്‍ത്ഥമില്ലാതെ പൊരുതുന്നു നമ്മള്‍

ഉറ്റവര്‍ ഇല്ലാതെ അലതല്ലികരയുന്ന
പൈതലിന്‍ കണ്ണീര്‍ കാണുന്നതില്ലേ..
പണവും പദവിയും നെഞ്ചോട് ചേരുമ്പോള്‍
സ്വന്തവും ബന്ധവും പോയ് മറഞ്ഞില്ലേ…

ആണവ ശക്തിയും സമ്പത്തിന്‍ ശക്തിയും
ഒന്നുമേ അല്ലെന്നു കണ്ടറിഞ്ഞു..
ഞാനാണ് ഒന്നാമന്‍ എന്ന് പറഞ്ഞോരും
വമ്പന്മാരല്ലെന്ന് കണ്ടറിഞ്ഞൂ…

തിരിച്ചറിവുമില്ല ഉണര്‍ന്നതുമില്ല
മതിവരുവോളം ജീവിച്ചതുമില്ലാ..
ഒടുവിലായ് ആറടിമണ്ണില്‍ ചേര്‍ന്ന്
ഒടുങ്ങും നേരം ഓര്‍മ്മകള്‍ മാത്രം…