Writers Blog

ചിലര്‍ മരിക്കുന്നത് ജീവിക്കാനാണ്!!

നീയാത്മഹത്യ ചെയ്‌തെന്ന് കേട്ടപ്പോള്‍
സത്യമായും ഞാന്‍ ഞെട്ടിയില്ല.
ഞാനോര്‍ത്തത്,
അവസാന വരിയുടെ മൂന്നു കുത്തിനപ്പുറം
ഒരു കറുത്തഹൃദയം പച്ചകുത്തി
എന്റെ ചാറ്റ് ബോക്‌സിലേക്കയക്കാന്‍
നീയിനിയും എന്തൊക്കെ
ബാക്കി വെച്ചിട്ടുണ്ടാകുമെന്നാണ്.

അരി വെന്തൂറ്റിയും
പുളി കൂടിയോ എന്ന് സംശയം മാറാത്ത
കറി തിളച്ച് വാങ്ങിവച്ചും
ഒരു നുള്ള് പൊടിപോലുമില്ലെന്ന്
രണ്ട് തവണ തുടച്ചുറപ്പാക്കിയ
വെറും നിലത്ത് കമഴ്ന്നു കിടന്ന്
‘ഒന്നും ശരിയാകുന്നില്ലല്ലോടിയെ’
എന്ന് നീ എപ്പോഴത്തെയും പോലെ
ആവര്‍ത്തിക്കുമായിരിക്കും.

‘നമ്മളെന്നാണിനി കാണുകയെന്ന്,
സകലതും മറന്നു നിന്റെ കിടക്കയില്‍
നിന്റെ വയറിലേക്ക് കാല്‍കയറ്റി വെച്ച്,
‘മാറ്റെടി പുല്ലേ കോപ്പിലെ കാലെന്ന്’
നീ പറയും വരെയിരുന്ന് വര്‍ത്താനം പറയണമെന്ന്’
ഞാന്‍ സംസാരം നിര്‍ത്തി പോയതിന് ശേഷം
പറയുകയും മറുപടി പറയുംമുന്‍പ്
ഇറങ്ങി പോവുകയും
ചെയ്യുമായിരിക്കും.

പിന്നീട്
ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും
നമ്മളൊന്നു മിണ്ടുക.
അറുത്തു മുറിച്ചും
എണ്ണിപ്പെറുക്കിയും
വാക്ക് പിശുക്കുന്ന
അത്തരം രാത്രികളിലൊക്കെ
‘എടിയേ, നിന്നെ കണ്ടുമടങ്ങുമ്പോള്‍
ഇടറാതെ പറയാനൊരു വാക്ക്
തിരയുകയാണ് ഞാനെന്നു’
ചിലമ്പിക്കുമായിരിക്കും.

‘നീയെഴുതാന്‍ വേണ്ടിയെന്റെ തുടക്കം,
ബാക്കിയെഴുതെന്ന്’
ഞാനയക്കുന്ന വരികള്‍ക്ക്,
‘നമ്മളിങ്ങനെ മുറിഞ്ഞും
ചോര കിനിഞ്ഞും
മുറിവുകളില്‍ ഉപ്പായും
നീറ്റലുകളില്‍ ഉമ്മയായും പെണ്ണേ’
എന്ന് പറഞ്ഞു വെക്കുമായിരിക്കും.

നിനക്കേറ്റവുമേറ്റവും പ്രിയപ്പെട്ടൊരാള്‍
ശാസിക്കുകയോ
തെറി വിളിക്കുകയോ ചെയ്തന്ന്,
‘ ഇക്കെന്ത് സന്തോഷായിന്നാ,
ചെലപ്പോ തോന്നൂടി ഇക്ക് വട്ടാന്ന്,
അല്ലെങ്കി ഇങ്ങനൊക്കെ സ്‌നേഹിക്കണ്ട
കാര്യണ്ടോ’
എന്ന് ചിരിക്കുമായിരിക്കും.
നിന്റെ ചിരി; ചിരി തന്നെയാണെന്ന്
ഞാനുറപ്പിക്കുമായിരുന്നേനെ അപ്പോള്‍.

നിദ്രയിലെങ്കിലും നീയായിരിക്കാന്‍
‘എനിക്കുറക്കം വര്‍ണേയില്ലെടി’ യെന്ന്
പത്തുമുപ്പത് തവണ പറഞ്ഞിട്ടും
നീ കറുത്ത കമ്പിളിയുടെ
തണുവിലേക്ക് നൂണ്ടിറങ്ങുമായിരുന്നേനെ
നീയല്ലാത്ത നീയെന്ന ചിന്തയെന്നില്‍
മുറിവില്‍ മുളക് തേച്ച പോലൊരു
നോവുണര്‍ത്തും.

വെയില്‍പ്പൊള്ളലില്‍
തിണര്‍ത്തൊരു നട്ടുച്ചയ്ക്ക്,
‘സ്‌നേഹത്താല്‍ മാത്രം പൂക്കുകയും
സ്‌നേഹരാഹിത്യത്താല്‍ മാത്രം കരിഞ്ഞു വീഴുകയും
ചെയ്യുന്നവളാണ് ഞാനെന്ന്’
നീയെഴുതിയവസാനിപ്പിച്ചൊരു കുറിപ്പിന്
ഞാനില്ലെങ്കില്‍ നീയുമുണ്ടാവില്ലെന്ന്
പരസ്പരം
നമ്മളുടമ്പടിയൊപ്പിട്ടത്
ഓര്‍മകളുടെ പച്ചഞരമ്പില്‍
ഏറ്റവും നനവുള്ള ഈര്‍പ്പമായി നില്‍ക്കുമ്പോഴും,
നീയാത്മഹത്യ ചെയ്തതില്‍
എനിക്കൊട്ടും അത്ഭുതമില്ല..
നീയാത്മഹത്യ ചെയ്യുമെന്ന്
നിന്നേക്കാളേറെ
എനിക്കുറപ്പുണ്ടായിരുന്നല്ലോ!!!

-ശ്രുതി എ.പി

Leave a Reply

Your email address will not be published. Required fields are marked *