യോഗിയുടെ സ്വര്‍ഗത്തിലെ മരണക്കണക്കുകള്‍; അപ്രസക്തമായ 2020 മൃതദേഹങ്ങള്‍

India News Writers Blog

ഷംന വടക്കേതില്‍

കോവിഡ് പ്രതിരോധത്തിന് മാതൃകയായി കേന്ദ്രസര്‍ക്കാറും കേരള ബി.ജെ.പി ഘടകവും ഉയര്‍ത്തിക്കാണിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. എങ്ങെയാണ് ഉത്തര്‍പ്രദേശ് കോവിഡ് പ്രതിരോധത്തില്‍ മുന്നിലെത്തിയത്? എന്താണ് അതിനു പിന്നിലെ യോഗി മാജിക്ക്?

ഗത്യന്തരമില്ലാത്തതു കൊണ്ടു മാത്രം സര്‍ക്കാര്‍ ചില കണക്കുകള്‍ പുറത്തു വിട്ടിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ കോവിഡ് ബാധിച്ചു മരിച്ച ഉദ്യോഗസ്ഥരുടെ എണ്ണം. ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. 74 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത് എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ബാക്കി 1946 മൃതദേഹങ്ങള്‍ക്കു നേരെ സര്‍ക്കാര്‍ കണ്ണടച്ചു.

ഏപ്രില്‍-മെയ് മാസങ്ങളിലായാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. പതിനൊന്നു ലക്ഷത്തിലധികം ഉദ്യോഗസ്ഥരെ വെച്ചായിരുന്നു ഇലക്ഷന്‍ നടത്തിയത്. അതില്‍ പകുതിയിലധികം പേരും അധ്യാപകരായിരുന്നെന്ന് പഞ്ചായത്ത് രാജിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് കുമാര്‍ സിംഗ് പറയുന്നു.

മരിക്കുന്ന സമയത്ത് ഉദ്യോഗസ്ഥന്‍ ജോലിയിലോ അല്ലെങ്കില്‍ ജോലി സ്ഥലത്തേക്കോ തിരിച്ചോ ഉള്ള യാത്രയിലോ ആയിരിക്കണമെന്നാണ് നടന്നത് കോവിഡ് മരണമാണോ എന്ന് നിശ്ചയിക്കാനുള്ള സര്‍ക്കാറിന്റെ നിബന്ധന. അതായത് ജോലി സമയത്ത് കോവിഡ് ബാധിച്ച് ഒരാഴ്ച കഴിഞ്ഞ് മരിച്ചാലും അയാള്‍ പട്ടികക്ക് പുറത്താണ്. പഞ്ചായത്തിലേക്ക് കോവിഡ് മരണത്തിനു നഷ്ടപരിഹാരത്തിനു അപേക്ഷിച്ചത് 3078 ഉദ്യോഗസ്ഥരുടെ കുടുംബങ്ങളാണ്. പക്ഷേ ഈ നിബന്ധന പറഞ്ഞ് സര്‍ക്കാര്‍ എല്ലാ അപേക്ഷകളും തള്ളിക്കളഞ്ഞു. കുടുംബത്തിന്റെ ഏക അത്താണിയെ നഷ്ടപ്പെട്ട പലര്‍ക്കും മൂകരായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

ഉത്തര്‍പ്രദേശിലെ അധ്യാപക സംഘടന ഇലക്ഷന്‍ ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച് മരിച്ച അധ്യാപരുടെ വിവരങ്ങള്‍ പുറത്തു വിട്ടിരുന്നു. ശേഷം ശക്തമായ പ്രതിഷേധവും ഉയര്‍ന്നു. ഇതാണ് സര്‍ക്കാറിനെ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ബന്ധിതരാക്കിയത്. അങ്ങനെ 74ല്‍ ഒതുക്കിയ കോവിഡ് മരണ നിരക്ക് ഗത്യന്തരമില്ലാതെ 2020ലേക്ക് യോഗി സര്‍ക്കാര്‍ ഉയര്‍ത്തി. ഇവര്‍ക്കെല്ലാം 30 ലക്ഷം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.

കോവിഡ് പരിശോധന കൃത്യമായി നടക്കുന്നില്ലെന്ന ആരോപണം തുടക്കം മുതലേ യോഗി സര്‍ക്കാറിനു നേരെ ആരോപിക്കുന്നുണ്ട്. സര്‍ക്കാറിന്റെ പ്രതിച്ഛായ കൂട്ടാന്‍ വേണ്ടി പരിശോധനകളില്‍ കൃത്രിമം കാണിക്കുമ്പോള്‍ ബലി നല്‍കേണ്ടി വരുന്നത് ആയിരക്കണക്കിനു ജനങ്ങളുടെ ജീവനാണ്.