നിപ; എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകി ആരോഗ്യവകുപ്പ്

Health Keralam News

തിരുവനന്തപുരം: കോഴിക്കോട് വീണ്ടും നിപ സ്ഥിതീകരിച്ചതിന്റെ അടിസ്ഥാനത്തിൽ മുഴുവൻ ജില്ലകൾക്കും ആരോ​ഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകി. എന്‍സെഫലൈറ്റിസ് രോഗം ബാധിച്ചുള്ളവരെ കൃത്യമായി നിരീക്ഷിക്കണം, എല്ലാ ആശുപത്രികളിലും കൃത്യമായി പ്രോട്ടോകോള്‍ പാലിക്കണം. ആവശ്യമാകുന്ന ഘട്ടങ്ങളിൽ ജില്ലകളിൽ നിപ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കണം തുടങ്ങിയവയാണ് നിർദേശങ്ങൾ. ഇതിനോടൊപ്പം ചികിൽസ, ഡിസ്ചാര്‍ജ് എന്നിവയെ സംബന്ധിച്ചുള്ള പുതുക്കിയ മാർ​ഗനിർദേ‌ശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

നിലവിൽ സംസ്ഥാനം, ജില്ലാ, ആശുപത്രികൾ തുടങ്ങിയ മൂന്നു തലത്തിലെയും സമിതികളുടെ പ്രവർത്തനങ്ങൾ ഏകോപിച്ചാണ് നിപ മാനേജ്‌മന്റ് നടക്കുന്നത്. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തുടങ്ങിയവർ ഉൾക്കൊള്ളുന്നതാണ് സംസ്ഥാന തലത്തിലെ സമിതി. ജില്ലാ വികസന മാനേജ്‌മെന്റ് അതോറിറ്റിയോടൊപ്പം പ്രത്യേക സബ്ജറ്റ് കമ്മിറ്റികൾ കൂടെ ഉള്ളതാണ് ജില്ലാതലത്തിൽ സമിതി. ഓരോ ആശുപത്രികളിലുമുള്ള മെഡിക്കല്‍ ബോര്‍ഡും സ്റ്റാന്‍ഡേര്‍ഡ് ചികിത്സാ മാനേജ്‌മെന്റ് പ്രോട്ടോകോളുമാണ് ആശുപത്രികളുടെ സമിതിയിൽ ഉണ്ടായിരിക്കുക. ഈ മൂന്നു സമിതികളും അതിന്റെ കീഴിലുള്ള മുഴുവൻ കമ്മിറ്റികളും ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ നിർബന്ധമായും പാലിക്കണം.

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗിയുടെ സമ്പർക്ക പട്ടികയും അവരുടെ ക്വാറന്റൈനും ഉറപ്പു വരുത്തണം. പ്രതിരോധ പ്രവർത്തനവും, രോഗികളുടെ പരിശോധനയും പരിചരണവും തുടങ്ങിയവയാണ് ഏറ്റവും പ്രധാനപ്പെട്ടത്. എല്ലാ ദിവസവും ഏകോപന ചർച്ചകൾ നടത്തുകയും മരുന്നുകളുടെയും മറ്റു ആവശ്യ സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കുകയും ചെയ്യണം. നിപ പരിചരണത്തിനായുള്ള വിദഗ്ധ പരിശീലനം ആരോഗ്യ പ്രവർത്തകർക്കും, ഫീൽഡ്തല പ്രവർത്തകർക്കും നൽകും.