ബാല്യം

Writers Blog

ആബിദ അബ്ദുല്‍ ഖാദര്‍ തായല്‍ വളപ്പ്

ഓര്‍ക്കുന്നു ഞാന്‍ നെടുവീര്‍പ്പോടെ
അറിയാതെ ജീവിച്ചൊരെന്‍ ബാല്യകാലം
തെളിയുന്നു എന്‍ മനസ്സില്‍ കുമ്പിളില്‍
മുല്ലപ്പൂ മണമുള്ളൊരാ പ്രഭാതങ്ങളും…
മഴത്തുള്ളിയോടിണങ്ങിയും പിണങ്ങിയും
കടലാസ് തോണിയിറക്കി കളിച്ചതും..
അടര്‍ന്നുവീഴുന്ന കണ്ണിമാങ്ങ പെറുക്കാന്‍
മാവിന്റെ ചോട്ടിലേക്കോടി യണയുന്നതും..
പൊട്ടിയ മുട്ടിന്റെ മുറി വിന്റെ നീറ്റലില്‍
പൊത്തിപ്പിടിച്ചമ്മ ചേര്‍ത്ത് പിടിച്ചതും..
പെയ്‌തൊഴിഞ്ഞ മഴയില്‍ മുറ്റത്തെ –
പേര മരത്തിന്‍ കമ്പില്‍ പിടിച്ചാടുമ്പോള്‍
ഇറ്റു വീഴുന്ന മഴത്തുള്ളികളെ ശിര-
സ്സാലൊഴുക്കി ആസ്വദിച്ചതും..
പൊഴിയുന്നു കണ്ണീര്‍ മറക്കാത്ത ഓര്‍മ്മയായ്
മണമുള്ള ഓര്‍മ്മതന്‍ ബാല്യകാലം
സുഖമുള്ള നോവിന്റെ ബാല്യകാലം
മായ്ച്ചാലും മായാത്ത ബാല്യകാലം..