പിന്‍വിളി

Writers Blog

ആബിദ അബ്ദുല്‍ കാദര്‍
പുളിക്കൂര്‍

മയക്കത്തിലായിരുന്നേതോ കോണില്‍
മെല്ലെ തൊട്ടുണര്‍ത്തിയതാരോ
മനം നിറഞ്ഞു തുളുമ്പുകയായി
മധുരമാം നാദത്തിന്‍ ഈണമതേറ്റ്

മോഹമായിരുന്നുയരെ പറക്കാന്‍
മാനമിരുണ്ടത് വ്യര്‍ത്ഥമായ് പോയി
മോഹങ്ങളങ്ങനെ ഉള്ളിലമര്‍ത്തി
മാനം നോക്കി നടന്നങ്ങു നീങ്ങി

മാടി വിളിച്ചില്ല പിന്നില്‍ നിന്നാരും
മാറോടണക്കാന്‍ തുനിഞ്ഞതുമില്ല
മെല്ലെയുണരൂ ചിറകു കുടഞ്ഞ്
മാനം തെളിഞ്ഞു ചെറു പുഞ്ചിരിയോടെ

മാടി വിളിക്കുന്നു പിന്നില്‍ നിന്നാരോ
മാറ്റത്തിനുള്ളൊരു നേരമായെന്ന്
മഷിയാല്‍ വിരിയും അക്ഷരപ്പൂക്കളെ
മതിയാവുവോളം വാരിപ്പുണരാന്‍.