സ്വാതന്ത്രദിനാഘോഷത്തിന്റെ തയ്യാറെടുപ്പുകൾ പൂർത്തിയായി; ഭീകരാക്രമണ ഭീഷണിയിൽ രാജ്യത്ത് കനത്ത സുരക്ഷ

India News

75-ാം സ്വാതന്ത്രദിനം ആഘോഷിക്കാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി ഇന്ത്യ. രാജ്യതലസ്ഥാനം, രാജ്യാതിർത്തികൾ, തന്ത്രപ്രധാനമേഖലകൾ, രാജ്യത്തെ പ്രധാന നഗരങ്ങൾ എന്നിവിടങ്ങളിലെല്ലാം അതീവസുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഭീകരാക്രമണഭീഷണി ഉള്ളതിനാൽ നാളെ പതാക ഉയർത്തുന്ന ചെങ്കോട്ടയിൽ മൾട്ടി ലെവൽ സുരക്ഷയാണ് ഒരുക്കിയത്. ആഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതി ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും.

കേന്ദ്രസേനവിഭാഗങ്ങളും സംസ്ഥാന പോലീസും ഡൽഹി നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. നഗരത്തിലെ പ്രധാന റോഡുകളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇവിടത്തെ മാർക്കറ്റുകൾ, മെട്രോ സ്റ്റേഷനുകൾ, തന്ത്രപ്രധാന കെട്ടിടങ്ങൾ എന്നിവയെല്ലാം കേന്ദ്രസേനയുടെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്.

രാജസ്ഥാൻ, ജമ്മുകാശ്മീർ, ഗുജറാത്ത്, പഞ്ചാബ് എന്നീ അതിർത്തി സംസ്ഥാനങ്ങളിലും വലിയ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അൽ ഖ്വായ്ദ, ലഷ്കറെ തോയ്ബ എന്നിവര്ക്കിടെ ആക്രമണ ഭീഷണിയുള്ളതിനാലാണ് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയത്. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വരെ നേരിടാൻ നിലവിൽ രാജ്യാതിർത്തികൾ സജ്ജമായിട്ടുണ്ട്.

ഭീഷണി ഉള്ളതിനാൽ സംസ്ഥാനങ്ങളോട് ജാഗ്രത പുലർത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് കൊടുത്തിരുന്നു. ഇതിനിടെ സംസ്ഥാന പോലിസിന്റെ ഇൻറലിജൻസ് വിഭാഗം മുംബൈ നഗരത്തിൽ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മുബൈയിലാകെ കർശന നിരീക്ഷണം മഹാരാഷ്ട്ര ഡി.ജി.പി ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ ആക്രമണത്തിന് ഒരുങ്ങിയിരുന്ന നാലുപേരെ ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ ഇന്ന് പിടികൂടിയിട്ടുണ്ട്.