ചമേലി..

Writers Blog

രമ്യ ഗായത്രി

ഇരുളുന്ന ആകാശവും വരണ്ട കാറ്റിനൊപ്പം ചൂളം വിളിക്കുന്നുണ്ടോ.. ചമേലി അവളുടെ കാതുകള്‍ കൂര്‍പ്പിച്ചു. ഈ ദാദിമ എവിടെയാണ്, സന്ധ്യ മയങ്ങിതുടങ്ങിയിരിക്കുന്നു, അല്ലെങ്കിലും എപ്പോഴും ഇങ്ങനെ ആണു, ഞാനിവിടെ ഒറ്റക്കാണ് എന്ന ഒരുവിചാരവും ഇല്ല, അവള്‍ സ്‌നേഹത്തോടെ മുഖീകൂര്‍പ്പിച്ചു. പാവം എനിക്കുവേണ്ടിയല്ലേ എന്റെ ദാദിമ ഇപ്പോഴും ഇങ്ങനെ കിടന്നു കഷ്ട്ടപെടുന്നത്, അതോര്‍ക്കുമ്പോള്‍ മാത്രമേ ചമേലി തന്റെ കുറവിനെ പഴിക്കാറുള്ളു, ദൈവം തന്റെ കണ്ണുകളെ ദൈവത്തിന്റെ കണ്ണുകളാക്കിവെച്ചു എന്നാണ് ദാദിമ പറഞ്ഞത്. അതൊന്നു തരുമോ എന്ന് ഒരിക്കലെങ്കിലും ചോദിക്കാന്‍ തോന്നിയിട്ടില്ല അതിനുള്ള ഒരുഅവസരവും കൊടുത്തിട്ടില്ല അവളുടെ ദാദിമയും ചാച്ചയും. ചാച്ചയുണ്ടായിരുന്നെങ്കില്‍… നിര്‍ജീവതയുടെ കയത്തില്‍നിന്ന് രണ്ടുതുള്ളി അവളുടെ ചുവന്നകവിളിലൂടെ ഒലിച്ചിറങ്ങി. ചാച്ചയും, ദാദിമയുംആയിരുന്നു അവളുടെ ജീവനും,ജീവിതവും.


സീതകുട്ടി ഭാഗ്യമുള്ള കുട്ടി ആണല്ലോ കവിളില്‍ പിടിച്ചോണ്ട് ചിറ്റ പറഞ്ഞത് ഇന്നും അവളുടെ ചെവികളില്‍ മുഴങ്ങുന്നുണ്ട്. അച്ഛനെയും അമ്മയെയും എന്നെയും യാത്ര അയക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വന്നപ്പോള്‍ ആണത്. അവളെ വാരിയെടുത്തു അമ്മയുടെ കയ്യും പിടിച്ചു അച്ഛന്‍ ട്രെയിനിലേക്ക് കയറി എല്ലാര്‍ക്കും നേരെ കൈവീശി യാത്ര പറഞ്ഞു. അപ്പൊ അവള്‍ക്കും തോന്നി ചിറ്റ പറഞ്ഞത് ശെരിയാണെന്നു.രാജസ്ഥാനിലെ തുണിഫാക്ട്ടറിയില്‍ മാനേജര്‍ ആയിട്ട് ആണു അച്ഛന് ജോലി കിട്ടിയത്. തന്നെയും അതിനടുത്തുള്ള ഒരുസ്‌കൂളില്‍ ചേര്‍ത്തു. മലയാളം ആര്‍ക്കും അറിയില്ല എന്ന ഒരു ചെറിയ ഇഷ്ടക്കേട് ഒഴിച്ചാല്‍ ബാക്കി ഒക്കെ ഇഷ്ട്ടായി സീതകുട്ടിക്ക് എന്ന് അമ്മ നാട്ടിലേക്കുള്ള കത്തിലെഴുത്തി.

വാടക കുറച്ചു കുറവായിക്കിട്ടാന്‍ അല്പം ഉള്ളിലേക്കു ചെന്നാണ് വീട് എടുത്തത്. വൈകുന്നേരങ്ങളില്‍ ആ ചെറിയ വീടിന്റെ ടെറസില്‍ കയറി ഇരുന്നു ദൂരേക്കുനോക്കിഅച്ഛന്‍ അവളുടെ കാല്‍വിരലുകള്‍ മെല്ലെ പൊട്ടിച്ചു കൊണ്ട് പാട്ടുപാടും. അത്താഴത്തിനു വിളിക്കുന്ന അമ്മയുടെ വിളി കേട്ടില്ല എന്ന് ഭാവത്തില്‍ പിന്നെയും ഉറക്കെ ഉറക്കെ പാടും അതുകേട്ടു അവള്‍ വാ കൈപൊത്തി ചിരിക്കും. ക്ഷമക്കെട്ട് അമ്മ മുകളിലേക്കു വരുമ്പോള്‍ അച്ഛന്‍ അമ്മയെയും കൂടി കൂട്ടിപിടിച്ചു പാടും…. അങ്ങിനെ എത്ര രാത്രികള്‍.. നക്ഷത്രങ്ങള്‍ക്കും , ഇരുട്ടിനും ഒക്കെ അസൂയ തോന്നിയ രാത്രികള്‍… അടുത്ത വീട്ടിലെ ഒരു ചേട്ടനോട് ഭാഷ അറിയാതെ അമ്മ കരഞ്ഞു പറയുന്ന ശബ്ദം കേട്ടിട്ടാണ് അന്നവള്‍ ഉണര്‍ന്നത് . എന്താണെന്നു അവള്‍ക്കും മനസിലായില്ല.

കുറച്ചകലേ ഉള്ള കുല്‍ദീപ് ബായി യുടെ എസ് ടി ഡി ബൂത്തില്‍ നിന്ന് അമ്മ നാട്ടിലേക്കു വിളിച്ചു കരഞ്ഞു പറയുന്നത് കേട്ടപ്പോഴാണ് അവള്‍ക്കു കാര്യം മനസിലായത്. ഫാക്‌റട്ടറിയില്‍ ആരോചെയ്ത ഒരു വലിയ ഒരുകള്ളത്തരം അച്ഛന്‍ കണ്ടെന്നും, അത് അച്ഛന്‍ ചെയ്തതാണ് എന്ന് വരുത്തിതീര്‍ത്തെന്നും, അച്ഛനെ പോലീസ് പിടിച്ചുകൊണ്ടുപോയി എന്നൊക്ക ആണു അമ്മ പറയുന്നത്. കുറെ പൈസ കൊടുത്താലേ അച്ഛന്‍ രക്ഷപെടുള്ളു എന്ന് എന്നെപ്പിടിച്ചു കരഞ്ഞുകൊണ്ട് അമ്മ പറഞ്ഞു. നാട്ടിലുള്ള ആര്‍ക്കും പിന്നെ ഒരു മറുപടിയും ഉണ്ടായിരുന്നില്ല.പട്ടിണിയുടെ നാളുകള്‍ ആയിരുന്നു പിന്നീട്.തൊട്ടടുത്തവീട്ടിലെ രാജ്സ്ഥാനി പറയുന്ന ചേട്ടനും ഭാര്യയും,കുട്ടികളും പിന്നെ ഒന്നുപറയാത്ത ആച്ചേട്ടന്റെ അച്ഛനും അമ്മയും മാത്രമായിരുന്നു അയല്‍ക്കാര്‍ എന്നുപറയാവുന്നവര്‍.

അവിടെ ആ അച്ഛനും അമ്മയും തന്നെ അധികപറ്റാണ് എന്ന് അവള്ക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. അച്ഛന്റെ ലാളനയില്‍ ഞാനും അമ്മയും വഷളായിപോയെന്നു അവള്‍ക്കു തോന്നി. ഒന്നും ഒറ്റയ്ക്ക് ചെയ്യാനുള്ള പ്രാപ്തിയില്ല, നാട്ടിലേക്കുവരാന്‍ ചിലര്‍ പറഞ്ഞപ്പോള്‍ അമ്മ അച്ഛനെ ഇവിടെഇട്ടിട്ടു പോരാനും വയ്യ എന്ന് പറഞ്ഞു കരഞ്ഞു. അവസാനംഅവളും അമ്മയുംകൂടി ജയിലില്‍ അച്ഛനെ കാണാന്‍ ചെന്നു. പ്രതീക്ഷകളെല്ലാം അസ്തമിക്കുന്ന ചെറുപുഞ്ചിരിയോടെ ക്ഷീണിച്ച മുഖവും ആയി നില്‍ക്കുന്ന അച്ഛന്റെ ചിത്രം അവളുടെ മനസ്സില്‍ കോറിവരച്ചു. ഈ തീരാ ദുഃഖത്തിന് വിരാമമിടാന്‍ തീരുമാനിച്ചുറച്ച മനസുമയാണ് അമ്മ ജയിലിലെ പടികളിറങ്ങിയതെന്നു അവളെയും കൊണ്ട് വലിയ ആ വെള്ളകെട്ടിലേക്കു എടുത്തു ചാടുമ്പോള്‍ മാത്രമാണ് അവള്‍ക്കു മനസിലായത്. ആരോ രക്ഷിച്ച തന്നെ ഏറ്റെടുത്താല്‍ അതൊരു തീരാബാധ്യതയാവും എന്ന് കരുതീട്ടാവണം അതിനാരു മുതിര്‍ന്നില്ല.കൂടാതെ തന്റെ കാഴ്ചയും നഷ്ടപ്പെട്ടിരിക്കുന്നു.കുററിമുല്ല ചെടിയുടെ താഴെ വരണ്ടക്കറ്റിന്റെ ചൂളം വിളിയും കേട്ടു തളര്‍ന്നുകിടന്ന അവളെ എടുത്തു കൈപിടിച്ച് വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം തന്നതാരാണ് എന്നവള്‍ക്ക് മനസിലായില്ല. പക്ഷെ അവരെ ചീത്തപറയുന്നത് അപ്പുറത്തെ വീട്ടിലുള്ള ആച്ചേച്ചി ആണു എന്ന് അവള്‍ ഊഹിച്ചു. ആ ഒന്നും മിണ്ടാത്ത അച്ഛനും അമ്മയും ആണോ ഇത്.

ഭാഷ അറിയാത്ത ഞങ്ങള്‍ക്കിടയില്‍ എങ്ങിനെ സ്‌നേഹം ഉണ്ടായി,അവള്‍ അതിശയിച്ചു. തന്നെ ഏറ്റെടുത്ത കാരണം കൊണ്ട് അവരും അവിടെനിന്നു പുറത്തായി.ജീവിതം അവരുടെ കൈപിടിച്ച് വീണ്ടും തുടങ്ങി.അവള്‍ക്കാ രുമല്ലാത്തവര്‍ അവളുടെ എല്ലാമായി. അവരുടെ ചമേലി ആയി അവള്‍ മാറി. അവളുടെ ദാദി മയും, ചാച്ചയും ആയി അവര്‍. സ്വന്തമായി ഉണ്ടാക്കിയ കുടിലില്‍ അവര്‍ ജീവിച്ചു, ചിരിച്ചു,അവര്‍ ചെറിയ ജോലികള്‍ക്ക് പോയി, അവള്‍ അവര്‍ക്കുവേണ്ടി രാജ്മയും, ചപ്പാത്തിയും, ഉണ്ടാക്കി വെച്ചു. പിന്നീട് അവള്‍ ആരെയും ഓര്‍ക്കത്തായി. അവള്‍ പൂര്‍ണമായും ചമേലി ആയി. അച്ഛന്റെ മരണംപോലും അവളെ ഒരുപാടുവേദനിപ്പിച്ചില്ല. അവര്‍ അവളെ പഠിപ്പിച്ചു. ഇതിനിടയില്‍ ചാച്ചാ അവരെ വിട്ടുപോയി.എങ്കിലും ദാദിമ അവളുടെ ഇരുകൈകളും കൂട്ടിപിടിച്ചു.ദൈവം ചിലരുടെ വിധികളെ ഭദ്രമായി ചിലരുടെ കൈകളില്‍ ഏല്പിക്കുന്നു എന്നവള്‍ക്ക് തോന്നി….