നീലയാല്‍ മൂടപ്പെട്ട ഇരുള്‍ അഥവ സാന്ദ്രമായൊരു സ്വപ്നം

Writers Blog

നീലയാല്‍ മൂടപ്പെട്ട ഇരുള്‍ അഥവ സാന്ദ്രമായൊരു സ്വപ്നം.
കഥാപാത്രങ്ങളെ സൂക്ഷമമായി പിന്‍ന്തുടരുന്ന എഴുത്തുരീതി കഥയില്‍ വികസിപ്പിക്കുന്നതില്‍ അസാധാരണ കാഴ്ചാപാടവം പുലര്‍ത്തുന്ന എഴുത്തുകാരനാണ് ശ്രീ മധുപാല്‍. അത്തരത്തില്‍ പ്രാദേശിക ജീവിത പരിസരങ്ങളില്‍ നിന്നുകണ്ടെടുത്ത അനേകം കഥാപാത്രങ്ങളാല്‍ സമ്പന്നമാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ ‘അത്ഭുതങ്ങള്‍ കാണും ജീവിതത്തില്‍ ‘ എന്ന പുസ്തകം.

പ്രാദേശിക ജീവിതങ്ങളില്‍ കുടുങ്ങി പോയ മനുഷ്യരുടെ സാംസ്‌കാരിക പ്രതിനിധാനങ്ങളെ കണ്ടെടുക്കാനുള്ള അതീവ സങ്കീര്‍ണ്ണമായ പ്രയത്‌നത്തിന്റെ ഫലമായി കഥകള്‍ ഗൂഢാര്‍ത്ഥ തലങ്ങളിലേക്ക് വളരുകയും, ഒടുവില്‍ ആത്മശൈഥില്യത്തിന്റെ തുടര്‍ച്ചകളില്‍ ആത്മീയ പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന തരത്തില്‍ എഴുതിയിട്ടുള്ള പത്ത് കഥകളുടെ സമാഹാപ്രസ്തുത പുസ്തകം.

അനുക്രമമായി കഥയുടെ ഘടനയിലും, പ്രമേയത്തിലും, ആഖ്യാനത്തിലുമെല്ലാം നവീന പരീക്ഷണങ്ങള്‍ നടക്കുന്ന സമകാലിക കഥാ ചരിത്രത്തില്‍ നിന്നും വ്യത്യസ്ഥമായി ഒരേ ഘടനയിലും, രീതിയിലുമെഴുതിയിട്ടുള്ള ഈ കഥകളുടെ സമാഹാരത്തിലൂടെ ഒരെഴുത്തുകാരന്‍ തന്റെ സര്‍ഗവേദനകളുടെയും, ആത്മീയ സങ്കീര്‍ണതകളുടെയും പ്രശ്‌ന പരിഹാരത്തിന്റെ നിഗൂഢ സ്ഥലരാശിയില്‍ ഒരേകാകിയുടെ കാവ്യന്മകവിവശതകളോടെ നിലയുറപ്പിച്ചിരിക്കുന്നതായി നമ്മുക്ക് അനുഭവപ്പെടുന്നു. ഈ പുസ്തകത്തിലെ കഥകളില്‍ സമാനസ്വഭാവത്തിലുള്ള ആഖ്യാനരീതി പിന്‍തുടരുന്നതിലൂടെ കഥാകൃത്ത് കൗശലപൂര്‍വ്വം അത് സാധിച്ചിരിക്കുന്നുവെന്ന് വേണം വിചാരിക്കാന്‍.

തന്റെ ആത്മീയ വിചാരങ്ങളുടെയും, കാവ്യ വിചാരങ്ങളുടെയും സമ്മിശ്രമായൊരവസ്ഥയില്‍ ആഖ്യാതാവില്‍ ഉടെലെടുക്കുന്ന സങ്കീര്‍ണ്ണതയും അതില്‍ നിന്ന് സ്വതന്ത്രമാകുന്നതിന്റെ തത്വശാസ്ത്രത്തെയും ഈ പുസ്തകത്തിലെ കഥകള്‍ അന്വേഷിക്കുന്നുണ്ട്.

തന്റെ കാവ്യ വിചാരങ്ങള്‍ക്ക് സമാന്തരമായി താന്‍ കാണുകയും അറിയുകയും ചെയ്ത ജീവിതങ്ങളെ ആത്മീയതയുടെ ആന്തരിക വെളിച്ചത്താല്‍ വെളിപ്പെടുത്താനാണ് കഥാകൃത്തിന്റെ ശ്രമം.ജീവിതത്തില്‍ ഓടിക്കിതച്ചവരും, ഓടിക്കൊണ്ടിരിക്കുന്നവരും തമ്മിലുള്ള കണ്ണി ചേര്‍ക്കലിലേക്ക് ഉറക്കം നഷ്ടപ്പെട്ടവന്റെ വേവലാതികളോടെ അയാള്‍ കഥകള്‍ മെനയുന്നു. നാടിന്റെ മിത്തില്‍ നിന്നും, അതിന്റെ സാംസ്‌കാരിക ഉറപ്പുകളില്‍ നിന്നും കഥാപാത്രങ്ങളെ ഉരുവാക്കുന്നതില്‍ സമാഹാരത്തിലെ പത്ത് കഥകളും അതീവ ശ്രദ്ധ ചെലുത്തിയിരിക്കുന്നതായി കാണാം.

കഥകളുടെ ദൃശ്യപരതയില്‍ ഒരു ക്യാമറാ കാഴ്ചയുടെ അളവതിരുകള്‍ വിന്യസിപ്പിക്കുന്നതില്‍ ശ്രീ മധുപാല്‍ പുലര്‍ത്തുന്ന സൂക്ഷമത ഈ പുസ്തകത്തെ സവിശേഷമായ കാഴ്ചാനുഭവമാക്കുന്നു. അത്തരത്തില്‍ കഥ പാരായണവും, ഒപ്പം കാഴ്ചയുമാകുന്ന സവിശേഷസങ്കലനസാധ്യത ഭാഷയില്‍ ഉപയോഗിക്കുന്നതില്‍ മലയാളത്തിലെ ഇതര കഥാകാരന്മാരെ അപേക്ഷിച്ച് മധുപാല്‍ വേറിട്ടു നില്‍ക്കുന്നതായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അലങ്കോലമായ ജീവിതങ്ങളെ അടുക്കി പെറുക്കുന്ന കര്‍മ്മ വഴിയില്‍ തനിക്ക് കരുത്തായുള്ളത് തന്റെ ആന്തരിക വിശുദ്ധി മാത്രമാണെന്ന് ഈ കഥാകാരന്‍ ഉദ്‌ഘോഷിക്കുന്നു. എന്നിരുന്നാലും തന്റെ ആത്മീയകരുത്തില്‍ അയാള്‍ സന്ദേഹി കൂടിയാണെന്നത് ഈ പുസ്തകത്തിന്റെ പാരായണ ഇടകളില്‍ നിന്ന് ഒരു വായനക്കാരന്‍ കണ്ടെടുക്കപ്പെട്ടേക്കാം.

താന്‍ ജീവിക്കുന്ന നടപ്പുകാലത്തിലെ ജീര്‍ണ്ണതകളെ അയാള്‍ തന്റെ നിശബ്ദ നിലവിളികളാല്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിലൂടെ കഥയുടെ ജീവിത വിന്യാസങ്ങളില്‍ നിന്നും അതിന്റെ സംവാദ സ്ഥലങ്ങളില്‍ നിന്നും മികവാര്‍ന്നൊരു ജീവിത വ്യവസ്ഥയുടെ രാഷ്ട്രീയത്തെ ഉരുത്തിരിച്ചെടുക്കുന്നതില്‍ കഥകള്‍ വിമുഖത പുലര്‍ത്തുന്നുണ്ട്.

ശ്രീ മധുപാലിന്റെ കഥകള്‍ പൊതുവായി മിസ്റ്റിക് അനുഭൂതികളിലൂടെ വായനക്കാരെ കൈ പിടിച്ച് നടത്തി കൊണ്ടു പോയശേഷം ഒടുവില്‍ ഭ്രമകല്‍പ്പനയുടെ ഒരു കൊക്കയിലേക്ക് എടുത്തെറിയാറാണ് പതിവ്. ഈ പുസ്തകത്തിലെ പത്ത് കഥകളും അത്തരത്തില്‍ തന്നെയാണ് എഴുതപ്പെട്ടിട്ടുള്ളത്. അത് തീര്‍ച്ചയായും ശൂന്യതയുടെ ഒരു നടുക്കത്തെ വായനക്കാരില്‍ സൃഷ്ടിക്കുന്നതില്‍ പര്യാപ്തവുമാണ്..

വിദൂരതയില്‍ ഒരു നക്ഷത്രം, ഇരുളില്‍ ലയനപ്പെട്ട നിലാവിന്റെ സാന്ദ്രനീലിമ, പ്രതീക്ഷയുടെപ്രതീക്ഷയുടെ ജനാല കാഴ്ചകള്‍, അതിലെല്ലാമുപരി തിരസ്‌കൃതരുടെയും അപ്രത്യക്ഷരാവുന്നവരുടെയും ജീവിതങ്ങള്‍ക്ക് മേലൊരു മൂന്നാം കണ്ണ്, അവ്വിധം ജാഗ്രത്തായൊരു സാമൂഹികമാനത്തെ കഥകളുടെ സമഗ്രതയില്‍ വിതരണം ചെയ്യാന്‍
ഈ കഥാസമാഹാരത്തിന് സാധിച്ചിരിക്കുന്നു.

ആധുനിക കാലത്ത് അപ്രസക്തമായിക്കൊണ്ടിരിക്കുന്ന അറിവുകള്‍ പേറുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ ജീവിത നിലപാടുകളിലെ വൈരുദ്ധ്യങ്ങള്‍ കഥയുടെ സൗന്ദര്യാത്മക നിലപാടുകളുമായി ചേര്‍ന്ന് പോകുന്നതില്‍ തടസമായി അനുഭപ്പെടുമെങ്കിലും മരണത്തിന്റെയും, ഒറ്റപ്പെടലിന്റെയും, അതിജീവനത്തിന്റെയും നീറിനറിയുള്ള നിലവിളികളാല്‍ ഘനീഭവിച്ച, കണ്ണുനീരിനാല്‍ ക്രിസ്റ്റല്‍ രൂപമാര്‍ന്ന വാക്കുകളുടെ നീലനിറമുള്ള ഒരാകാശത്തെ ഈ പുസ്തകം തുറന്നു വെച്ചിരിക്കുന്നു.

മാക്ള്‍ബെത് പബ്ലിക്കേഷന്‍സ്

സുനില്‍ മംഗലത്ത്
തലയോലപ്പറമ്പ്