ഹയാന്‍ ജാസിര്‍ ഇനി ദേശീയ നീന്തല്‍കുളത്തില്‍ ഊളിയിടും

Local News Sports

പൊന്നാനി: ജില്ലയും സംസ്ഥാനവും നീന്തിക്കയറിയ ഹയാന്‍ ജാസിര്‍ ഇനി ദേശീയ നീന്തല്‍കുളത്തില്‍ ഊളിയിടും.
അണ്ടര്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കൊച്ചിയില്‍ സംഘടിപ്പിച്ച സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു വെള്ളിയും ഒരു വെങ്കലവും നേടിയാണ് അടുത്ത മാസം പൂനെയില്‍ നടക്കുന്ന ദേശീയ നീന്തല്‍ മത്സരത്തിന് അര്‍ഹത നേടിയത്. വെള്ളത്തിനടിയിലൂടെയുളള മൂന്ന് ഇനങ്ങളില്‍ മത്സരിച്ച ഹയാന്‍ മികച്ച സമയം കുറിച്ചു കൊണ്ടാണ് രണ്ട് ഇനങ്ങളില്‍ ദേശീയ തലത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയത്.
ബി ഫിന്‍ 50 മീറ്ററിലും സര്‍ഫേസ് 50 മീറ്ററിലുമാണ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുക. മൂന്നാമത്തെ ഇനത്തില്‍ ഒരു മൈക്രോ സെക്കന്റ് വിത്യാസത്തിലാണ് യോഗ്യത നഷ്ടമായത്. നേരത്തെ കേരള അക്വാറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ നടന്ന ജില്ല നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത അഞ്ചിനങ്ങളിലും സ്വര്‍ണ്ണം നേടിയിരുന്നു. തിരുവനന്തപുരത്തു നടന്ന സംസ്ഥാന മത്സരത്തില്‍ അഞ്ചിനങ്ങളിലും മികച്ച സമയത്തോടെയാണ് ഫിനിഷ് ചെയ്തത്. 100, 200, 400 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 50 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്‌ട്രോക്ക്, ഇന്‍ഡിവിജ്വല്‍ മെഡലി എന്നിവയായിരുന്നു സംസ്ഥാന തലത്തില്‍ മത്സരിച്ച ഇനങ്ങള്‍.ദേശീയ തലത്തില്‍ മത്സരിക്കാന്‍ ഇപ്പോള്‍ അര്‍ഹത നേടിയിരിക്കുന്നത് അണ്ടര്‍ വാട്ടര്‍ ഇനത്തിലാണ്, കഠിനാധ്വാനത്തിന്റെ നേട്ടമാണിത്. ഒരു ദിവസം നാല് മണിക്കൂറാണ് പരിശീലനത്തിനായി നീന്തല്‍ കുളത്തില്‍ ചിലവിടുന്നത്. നിസാര്‍ അഹമ്മദാണ് അണ്ടര്‍ വാട്ടര്‍ ഇനങ്ങളിലെ കോച്ച്.യു എ ഇയില്‍ നടന്ന വിവിധ അന്താരാഷ്ട്ര നീന്തല്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായ ചാമ്പ്യനായിരുന്നു ഹയാന്‍. നീന്തലിലെ ഒട്ടുമിക്ക ഇനങ്ങളിലും ശ്രദ്ധേയപ്രകടനമാണ് ഹയാന്‍ കാഴ്ച്ചവെച്ചിരുന്നത്. ശ്രീലങ്ക, ഫിലിപ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കോച്ചിന്റെ കീഴിലായിരുന്നു ദുബായിയില്‍ ഹയാന്റെ പരിശീലനം. ആറാം ക്ലാസുകാരനായ ഹയാന്‍ പൊന്നാനി സ്വദേശിയാണ്. കെ വി ജാസിറിന്റെയും നഫീസ നുസ്‌റത്തിന്റെയും മകനാണ്