ഡോക്ടറെ അക്രമിച്ചാൽ ഇനി ഏഴുവർഷം വരെ ശിക്ഷ

Health Keralam News

തിരുവനന്തപുരം: ഡോക്ടര്‍മാരെ അക്രമിക്കുന്നവര്‍ക്ക് ഏഴുവർഷം വരെ ശിക്ഷ.ആശുപത്രികളിലെ അക്രമം തടയാന്‍ ശക്തമായ വ്യവസ്ഥകളടങ്ങിയ ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. ഡോക്ടർമാരുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതിനാൽ യാഥാർത്ഥ്യമായത്.
ആശുപത്രികളില്‍ അക്രമം കാട്ടുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് ഓര്‍ഡിനന്‍സ്. ഏതെങ്കിലും വ്യവസ്ഥകളിൽ പരാതിയുണ്ടെങ്കിൽ നിയമസഭാ സമ്മേളനത്തിൽ ഔദ്യോഗിക ഭേദഗതി കൊണ്ടുവരാനാണ് തീരുമാനം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഓർഡിനൻസ്.ഡോക്ടര്‍മാരെ അക്രമിക്കുന്നവര്‍ക്ക് പരമാവധി ഏഴു വർഷം വരെ ശിക്ഷയും പിഴയും ഉറപ്പാക്കുന്നതാണ് ഓര്‍ഡിനന്‍സ്. പ്രത്യേക കോടതിയിൽ ഒരു വർഷത്തിനകം വിചാരണ തീർക്കണമെന്ന് വ്യവസ്ഥയുണ്ട്. ആരോഗ്യ പ്രവർത്തകർക്കൊപ്പം മിനിസ്റ്റീരിയൽ സ്റ്റാഫിനും, സുരക്ഷാ ജീവനക്കാർക്കും, മെഡിക്കൽ, നഴ്സിങ് വിദ്യാർത്ഥികൾക്കും പരിരക്ഷ ലഭിക്കും.കൂടാതെ വസ്തുവകകൾക്ക് നാശം വരുത്തിയാൽ രണ്ടിരട്ടി തുക നഷ്ടപരിഹാരം ഈടാക്കും.നിലവിലെ നിയമത്തിലെ സെ‌ക്ഷൻ 4 അനുസരിച്ച് ആരോഗ്യ സ്ഥാപനങ്ങളിലോ ആരോഗ്യപ്രവർത്തകർക്ക് നേരെയോ ആക്രമണം നടത്തിയാൽ മൂന്നു വർഷംവരെ തടവും 50,000രൂപവരെ പിഴയുമാണ് പരമാവധി ശിക്ഷ. ഇത് 7വർഷംവരെ തടവും ഒരു ലക്ഷംരൂപയിൽ കുറയാത്ത പിഴയും ഈടാക്കാനാണ് നീക്കം. എന്നാൽ ഗുരുതരമായ കുറ്റകൃത്യമാണെങ്കിൽ പത്തുവർഷം ശിക്ഷയും ഒരു ലക്ഷംരൂപയിൽ കുറയാത്ത പിഴയും വേണമെന്നാണ് ഐഎംഎ ആവശ്യപ്പെട്ടിരുന്നത്.