കാവിന്റെ കല

Religion Writers Blog

രമ്യ ഗായത്രി

വെള്ളിമാമല കാത്തുവാണരുളും
വള്ളോന്റെ കൈയില്‍ പുള്ളിമാന്മഴു
ശൂലവും തുടിയും….. തേയ് താരാ.

പ്രാചീനവും അനുഷ്ടാനപരവുമായ നിരവധി കലാരൂപങ്ങളെ കൊണ്ട് സമ്പല്‍സ്മൃദ്ധമായ നമ്മുടെ കേരളത്തില്‍ പടയണിക്കുള്ള സ്ഥാനം ചെറുതൊന്നുമല്ല. മദ്ധ്യാതിരുവിതാംകൂറില്‍ യുദ്ധവിന്യാസത്തെ കുറിക്കുന്ന പടശ്രേണി എന്നാ പദത്തില്‍ നിന്നാണ് പടയണി ഉത്ഭവിച്ചത്. പാടേനി എന്നും, കാവിന്റെ കല എന്നുമൊക്കെ പലരും പറയുന്നു.

ദാരിക വധത്തിനുശേഷവും കോപം തീരാത്ത കാളിയെ ശമിപ്പിക്കാന്‍ ശിവന്റെ നിര്‍ദേശത്താല്‍ ഭൂതഗണങ്ങള്‍ കോലം കെട്ടി ആടിയതിന്റെ സ്മരണാര്‍ത്ഥം ആയാണ് ഈ കലാരൂപം നിലകൊള്ളുന്നത്. വിവരം അറിയിച്ചുകൊണ്ടുള്ള കാച്ചികൊട്ടും, ചടങ്ങ് ആരംഭിക്കുന്നതിനുള്ള തപ്പുകൊട്ടും ഈ കലാരൂപത്തിന്റെ പ്രധാന സവിശേഷത ആണു. ഇലകളോ, വെള്ളതോര്‍ത്തോ എടുത്തു വീശി ആര്‍ത്തു താളം ചവിട്ടുന്ന കാപ്പൊലി എന്ന ചടങ്ങും, കൈമണിയായി താളം തുള്ളുന്ന താവടിതുള്ളലുംഎല്ലാം പിന്നീട് മുറപോലെ നടക്കുന്നു.

‘ പണ്ടൊരു പടയണി കാണാന്‍ നമ്മെ
കൊണ്ടുപുറപ്പെട്ടാണീ വിദ്വാന്‍.’

പടയണിയെ കുറിച്ചുള്ള സൂചനാര്‍ത്ഥം കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞ ഈവരികളില്‍ നിന്ന് നമുക്കൊരോരുത്തര്‍ക്കും മനസറിഞ്ഞു മനസിലാക്കാം പടയണിയുടെ മഹത്വം എത്രത്തോളം ഉണ്ടെന്നു. ഭഗവതിസ്തുതിപരമായ പാട്ടുകളിലൂടെ മനുഷ്യന്റെ മനസിനെ വളരെ അധികം സ്വാധീനിച്ച ഈ കലാരൂപത്തിന് സവിശേതകള്‍ ഒരുപാടുണ്ട്. എത്ര ശബ്ദത്തില്‍ പാടാന്‍ കഴിയുമോ അത്രയും ഉച്ചത്തില്‍, അതിലേറെ ഭാവത്മകമായി വേണം പാട്ടുകള്‍ പാടാന്‍.അതില്‍ നിറഞ്ഞു നില്‍ക്കുന്ന ശക്തിയുടെയും, ഭക്തിയുടെയും, സൗന്ദര്യത്തിന്റെയും മൂല്യം വിവരണാതീതം….
കാളുതീയെറിഞ്ഞ കണ്ണില്‍
കാലകാലന്‍ പെറ്റെടുത്ത
കാളിയെന്നു പേരമര്‍ന്ന
കാമക്ഷിയമ്മേ…. ത -തികിതെയ്.