നേതൃത്വത്തെ അംഗീകരിക്കാന്‍ എന്തു കൊണ്ടാണ് ഗ്രൂപ്പുകള്‍ക്ക് കഴിയാത്തതെന്ന് മനസ്സിലാവുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍: കോണ്‍ഗ്രസില്‍ പോര് കനക്കുന്നു

News Politics

നേതൃത്വത്തെ അംഗീകരിക്കാന്‍ എന്തു കൊണ്ടാണ് ഗ്രൂപ്പുകള്‍ക്ക് കഴിയാത്തതെന്ന് മനസ്സിലാവുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഡി.സി.സി പ്രസിഡന്റുമാരെ തെരഞ്ഞെടുത്തതിനു ശേഷം വലിയ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം:

‘ഞാന്‍ ഹൈക്കമാന്റിലും കേരളത്തിലെ ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും വിശ്വാസം നിലനിര്‍ത്തിപ്പോകുന്ന വ്യക്തിയാണ്. അവര്‍ പ്രശ്‌നം പരിഹരിക്കാന്‍ പ്രാപ്തരാണ്. ഓരോ കാലത്തും അങ്ങനെയാണ് ചെയ്തിട്ടുള്ളത്. കെ. കരുണാകരന്‍ – എ.കെ ആന്റണി കോമ്പിനേഷന്‍ കേരളത്തില്‍ ഉണ്ടായിരുന്നു. അതിനു ശേഷം ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തല കോമ്പിനേഷന്‍ ഉണ്ടായിരുന്നു. ആ കാലത്തൊക്കെ ഇതു പോലുള്ള കാര്യങ്ങള്‍ വന്നിട്ടുണ്ട്. അതിനൊക്കെ അവര്‍ പ്രശ്‌ന പരിഹാരവും ഉണ്ടാക്കിയിട്ടുണ്ട്. നിലവിലുള്ള കോമ്പിനേഷന്‍ കെ സുധാകരനും വി.ഡി സതീശനുമാണ്.

കോണ്‍ഗ്രസ് നിലവില്‍ കേരളത്തില്‍ ദുര്‍ബലമായ സാഹചര്യത്തില്‍ നില്‍ക്കുകയാണ്. കേരള ചരിത്രത്തില്‍ ആദ്യമായാണ് 21 എം.എല്‍.എമാര്‍ മാത്രമായി നിയമസഭയിലെത്തുന്നത്. ഒരിക്കല്‍ 9 പേരുണ്ടായിരുന്നു. അത് 1969ലാണ്. പക്ഷേ അതിനു ശേഷം എല്ലാ കാലത്തും കോണ്‍ഗ്രസിനു നല്ല രൂപത്തില്‍ തന്നെ മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിനു മാത്രമായി 65 എം.എല്‍.എമാര്‍ ഉണ്ടായ കാലമുണ്ടായിട്ടുണ്ട്.

പാര്‍ട്ടി ഒരുമിച്ചു പോകണമെന്ന ചിന്തയാണ് ഭൂരിപക്ഷം ആളുകള്‍ക്കുമുള്ളത്. ആ ചിന്തക്ക് വിരുദ്ധമായ നിലപാട് ഞാനെടുക്കില്ല. നേതൃത്വത്തെ അംഗീകരിക്കാന്‍ എന്തു കൊണ്ടാണ് ഗ്രൂപ്പുകള്‍ക്ക് കഴിയാത്തതെന്ന് തനിക്ക് മനസ്സിലാവുന്നില്ല.’