ബജറ്റ് അവതരണത്തിനിടെ കയ്യാങ്കളി, നാലു കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്

Local News Politics

മഞ്ചേരി: നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ എല്‍.ഡി.എഫ് – യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയ്യാങ്കളി. പ്രതിപക്ഷ അംഗം ബേബി കുമാരി, ഭരണപക്ഷ അംഗങ്ങളായ എന്‍ എം എല്‍സി, ജസീനാബി അലി, ടി ശ്രീജ എന്നിവര്‍ക്ക് പരുക്കേറ്റു. കൃത്യനിര്‍വഹണം തടസപെടുത്തിയതിന് ആറു എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ 10.30നാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പ്രഖ്യാപനങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കറുപ്പ് വസ്ത്രം അണിഞ്ഞാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ ഹാളിലെത്തിയത്. വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ് ബജറ്റ് അവതരണം ആരംഭിച്ചപ്പോഴേക്കും സി.പി.എം അംഗങ്ങള്‍ പ്ലക്കാര്‍ഡും ബാനറും ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു. പലതവണ ബജറ്റ് അവതരണം തടസപ്പെട്ടു. ബജറ്റ് അവതരിപ്പിക്കുന്നത് തടയരുതെന്നും ചര്‍ച്ചക്കുള്ള അവസരത്തില്‍ പ്രതിഷേധം ആയിക്കോളൂവെന്നും ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ പറഞ്ഞെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടര്‍ന്നു. പിന്നീട് കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതായി വി.എം സുബൈദ അറിയിച്ചു. ഇതോടെ എല്‍.ഡി.എഫ് അംഗങ്ങള്‍ക്ക് നേരെ ഗോ ബാക്ക് വിളികളുമായി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. ഇതിനിടെ വിദ്യാഭ്യാസ സ്ഥിരം സമിതിയധ്യക്ഷന്‍ യാഷിഖ് മേച്ചേരി പ്രതിപക്ഷത്തിന്റെ ബാനറും പ്ലക്കാര്‍ഡും കൗണ്‍സില്‍ ഹാളിന് പുറത്തേക്ക് എറിഞ്ഞു. ഇതോടെ തുടങ്ങിയ വാക്കേറ്റം കൈയ്യാങ്കളിയിലെത്തി. ഇരുപക്ഷത്തെ വനിതാ അംഗങ്ങളും കൈയേറ്റത്തില്‍ ഏര്‍പ്പെട്ടു. പൊലിസെത്തി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് സസ്‌പെന്‍ഷനിലായ എല്‍.ഡി.എഫ് അംഗങ്ങളെ ചെയര്‍പേഴ്‌സണ്‍ ഹാളില്‍ നിന്ന് ഇറക്കി വിട്ടു. ബജറ്റ് അവതരണം തുടര്‍ന്നു. കൗണ്‍സില്‍ ഹാളിന് പുറത്ത് എല്‍.ഡി.എഫ് പ്രതിഷേധവും നടന്നു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നടന്ന ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷാംഗങ്ങള്‍ പങ്കെടുത്തില്ല.

റിപ്പോർട്ട് :ബഷീർ കല്ലായി