‘മാര്‍ക്സിസം മാനവികമോ’ അടക്കം നിരവധി സംവാദങ്ങള്‍; സ്വതന്ത്രചിന്തകരുടെ സമ്മേളനമായ എസെന്‍ഷ്യക്ക് ഒരുങ്ങി കണ്ണൂര്‍

Entertainment Keralam News

കണ്ണൂര്‍: ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക പരിപാടിയായ എസെന്‍ഷ്യ-24 ഫെബ്രുവരി 11 ന് ഞായറാഴ്ച കണ്ണൂര്‍ നായനാര്‍ അക്കാഡമിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു മണിവരെ നടക്കുന്ന പരിപാടിയില്‍ പ്രസന്റേഷന്‍സ്, പാനല്‍ ഡിസ്‌കഷന്‍, സംവാദങ്ങള്‍ എന്നിവ നടക്കും.

‘മാര്‍ക്സിസം മാനവികമോ?’ എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ ആര്‍ എം പി സംസ്ഥാന പ്രസിഡന്റ് ടി.എല്‍. സന്തോഷ്, സ്വതന്ത്രചിന്തകന്‍ അഭിലാഷ് കൃഷ്ണന്‍ എന്നിവരും, ‘ഹിന്ദുത്വ തീവ്രവാദം ഉണ്ടോ’ എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് ആര്‍ വി ബാബുവും സ്വതന്ത്രചിന്തകന്‍ സിദ്ധീഖ് പി.എയും സംവദിക്കും.

‘മാധ്യമങ്ങളും ധാര്‍മ്മികതയും’ എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ഡിസ്‌കഷനില്‍ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍, എം.പി. ബഷീര്‍, ആര്‍. സുബാഷ്, പ്രവീണ്‍ രവി എന്നിവരും, ‘കരിക്കുലത്തിലുണ്ട് ക്ലാസ് റൂമില്‍ ഇല്ല’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ജാന്‍വി സനല്‍, ധന്യഭാസ്‌കരന്‍, സുരേഷ് ചെറൂളി എന്നിവര്‍ സംബന്ധിക്കും.

‘പൈതൃക വൈകൃതങ്ങള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ചന്ദ്രശേഖര്‍ ആര്‍, ഡോ. സിറിയക് അബി ഫിലിപ്പ് എന്നിവര്‍ പങ്കെടുക്കും. ‘റീല്‍ ബ്രേക്ക്’എന്ന റോസ്റ്റിങ് പരിപാടിയില്‍ ഡോ. പ്രവീണ്‍ ഗോപിനാഥ്, ഡോ. ഹരീഷ് കൃഷ്ണന്‍, പ്രൊഫ. കാനാ സുരേശന്‍ എന്നിവര്‍ പങ്കെടുക്കും.

കേരളം വൃദ്ധന്‍മാരുടെ സ്വന്തം നാട് (ബിജുമോന്‍.എസ്.പി), ആനന്ദം ആത്മീയത ചില യാഥാര്‍ത്ഥ്യങ്ങള്‍ (അഞ്ജലി ആരവ്), വീണുപോയ മാലാഖ (ഡോ. രാഗേഷ്. ആര്‍), പാമ്പിന്‍ കയത്തിലെ ചോരക്കൈകള്‍ (കൃഷ്ണ പ്രസാദ്), എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രസന്റേഷനുകള്‍ അവതരിപ്പിക്കും. കണ്ണൂര്‍ പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുന്ന കണ്ണൂര്‍, ഡോ. പ്രവീണ്‍ ഗോപിനാഥ്, കനകാമ്പരന്‍ ശ്രീകണ്ഠാപുരം, റിജിന കനകാമ്പരന്‍, ലിജ ജിജേഷ് എന്നിവര്‍ പങ്കെടുത്തു.