പെട്ടിമ്പറ തകർന്ന് കൃഷിയിടത്തിലേക്ക് വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടം.

Local News

ചങ്ങരംകുളം :മലപ്പുറം പൊന്നാനി കോൾ പടവിലെ ഒതളൂർ പൂഴിക്കോൾ ബണ്ട് കടവിലെ പെട്ടിമ്പറ തകർന്ന് ലക്ഷങ്ങളുടെ നഷ്ടം. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഏഴു വർഷങ്ങൾക്കു മുമ്പ് നൽകിയ പെട്ടിമ്പറയാണ് തകർന്നത്.പെട്ടിമ്പറ തകർന്നതോടെ നൂറടി തോട്ടിൽ നിന്ന് 115 ഓളം ഏക്കർ വരുന്ന കൃഷിയിടത്തിലേക്ക് വെള്ളം ഒഴുകി. നൂറോളം വരുന്ന കർഷകരുടെ കൃഷി സ്ഥലമാണ് വെള്ളത്തിലായത്. ബണ്ടിൽ സ്ഥാപിച്ച പെട്ടിമ്പറയുടെ കാലപ്പഴക്കം കാരണമാണ് തകർന്നതെന്ന് കോൾ പടവ് പ്രസിഡന്റ് ജയരാജൻ പറഞ്ഞു.ഏകദേശം 12 ലക്ഷം രൂപ നഷ്ടം വരുമെന്ന് അദ്ദേഹം പറഞ്ഞു. ഞാർ നടീലിന് ആവശ്യമായ എല്ലാ പ്രവർത്തികളും പൂർത്തീകരിച്ചു കഴിഞ്ഞിരുന്നു.അപ്രതീക്ഷിതമായ ദുരന്തമാണ് കർഷകർക്കുണ്ടായതെന്നും ഉദ്യോഗസ്ഥൻ അടിയന്തരമായി ഇടപെടണമെന്നും കർഷകർ ആവശ്യപ്പെട്ടു. ആലംകോട് കൃഷിഭവന് കീഴിലുള്ള സ്ഥലമാണിത്.ചൊവ്വാഴ്ച കാലത്ത് 11.30യോടെ ആയിരുന്നു സംഭവം..