പതിനെട്ടാമത് നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന് നിലമ്പൂര്‍ ബാലന്‍ നാടകോത്സവത്തോടെ നാളെ തുടക്കം

Entertainment News

നിലമ്പൂര്‍: നിലമ്പൂരിന്റെ മതസൗഹാര്‍ദ്ദ പെരുമ ഉയര്‍ത്തി പതിനെട്ടാമത് പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന് ജനുവരി നാലിന് നിലമ്പൂര്‍ ബാലന്‍ നാടകോത്സവത്തോടെ തിരിതെളിയും.
നിലമ്പൂര്‍ കോവിലകം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ കളംപാട്ട് ഉത്സവത്തിന് കാടിറങ്ങിയെത്തുന്ന ആദിവാസി ഗോത്ര സമൂഹത്തിനും മത ജാതി ഭേദമില്ലാതെ നാട്ടുകാര്‍ക്കും കുടുംബത്തോടൊപ്പം കലാവിരുന്നുകള്‍ ആസ്വദിക്കാന്‍ ആര്യാടന്‍ ഷൗക്കത്ത് പഞ്ചായത്ത പ്രസിഡന്റായിരിക്കെ 2006ലാണ് ഗ്രാമപഞ്ചായത്തും വ്യാപാരിസമൂഹവും ടാക്സി തൊഴിലാളികളും ചേര്‍ന്ന് നിലമ്പൂര്‍പാട്ടുത്സവ് ടൂറിസംഫെസ്റ്റിവലിന് തുടക്കമിട്ടത്.ഇന്ത്യയില്‍ ആദ്യത്തെ സമ്പൂര്‍ണ നാലാംക്ലാസ് വിദ്യാഭ്യാസം നേടിയ ഗ്രാമമായി നിലമ്പൂരിനെ പ്രഖ്യാപിക്കുന്ന ചടങ്ങിനോടനുബന്ധിച്ചാണ് നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവല്‍ ആരംഭിച്ചത്.17 വര്‍ഷങ്ങളിലായി 2500റോളം കലാകാരന്‍മാര്‍ നിലമ്പൂരിലെത്തി. സാംസ്്ക്കാരിക സമ്മേളനങ്ങളില്‍ കേരളത്തിലെ 250തിലേറെ പ്രശസ്ത പ്രതിഭകളുടെ പ്രഭാഷണങ്ങളും ലക്ഷക്കണക്കിന് സഹൃദയ മനസുകളിലേക്കെത്തിക്കാന്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവല്‍ കമ്മിറ്റിക്ക് സാധിച്ചു. ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും വലിയ സാംസ്‌ക്കാരിക ഉത്സവങ്ങളില്‍ ഒന്നായി നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവല്‍ മാറി.
നിലമ്പൂര്‍ കോവിലകം റോഡില്‍ ജനുവരി നാലിന് വൈകുന്നേരം ഏഴിന് നിലമ്പൂര്‍ ബാലന്‍ നാടകോത്സവം കഥാകൃത്ത് പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സങ്കീര്‍ത്തനയുടെ നാടകം ‘പറന്നുയരാനൊരു ചിറക്’ അരങ്ങേറും. 5ന് വൈകുന്നേരം 7ന് സാംസ്‌ക്കാരിക സമ്മേളനം നടന്‍ നിലമ്പൂര്‍ മണി ഉദ്ഘാടനം ചെയ്യും. കാളിദാസ കലാകേന്ദ്രത്തിന്റെ ‘പാവവീട്’ അവതരിപ്പിക്കും. 6ന് നിലമ്പൂര്‍ ബാലന്‍ നാടകോത്സവം സമാപനം നടി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്യും. കരുളായി ചിലങ്ക നാടകവേദിയുടെ ‘കേരള നൂര്‍ജഹാന്‍’ അരങ്ങേറും.
എട്ടിന് മെഗാ സ്റ്റേജ് ഷോകള്‍ കോടതിപ്പടിയിലെ പാട്ടുത്സവ നഗരിയില്‍ സംവിധായിക ആയിഷ സുല്‍ത്താന ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് സാംസ്‌ക്കാരിക സമ്മേളനത്തിനു ശേഷം ചെമ്മീന്‍ മ്യൂസിക് ബാന്റ് അവതരിപ്പിക്കും. ഒമ്പതിന് സാംസ്‌ക്കാരിക സമ്മേളനം പി.വി അബ്ദുല്‍വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. കവി ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കണ്ണൂര്‍ ഷെരീഫിന്റെ ഗോള്‍ഡന്‍ നൈറ്റ് അവതരിപ്പിക്കും. 10ന് സമാപന സമ്മേളനം ഗോഗുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്യും. ഡബ്‌സിയും ഫാത്തിമ ജഹാനും ചേര്‍ന്നുള്ള മ്യൂസിക് ബാന്റ്. ടാക്‌സി ഡ്രൈവര്‍മാരുടെ കാര്‍ണിവല്‍ പാട്ടുത്സവ നഗരിയില്‍ ഏഴിന് ആരംഭിക്കും.നിലമ്പൂര്‍ പാട്ടില്‍ പങ്കാളികളാകാനെത്തുന്നവര്‍ക്ക് ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്ന് ദക്ഷിണേന്ത്യയിലെ പ്രമുഖ കലാകാരന്‍മാരെ നേരിട്ടു കാണാനും അവരുടെ കലാവിരുന്ന് ആസ്വദിക്കാനുമുള്ള അവസരമാണ് പാട്ടുത്സവം സമ്മാനിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പാട്ടുത്സവ് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, ജനറല്‍ കണ്‍വീനര്‍ യു.നരേന്ദ്രന്‍, ഭാരവാഹികളായ പി.വി സനില്‍കുമാര്‍, അനില്‍റോസ്, സി.കെ മുഹമ്മദ് ഇഖ്ബാല്‍, ഷാജി തോമസ്, ഷബീറലി മുക്കട്ട പങ്കെടുത്തു.