രക്ഷകനായ പരശുരാമന് അഗ്നിരക്ഷാസേനയുടെ ആദരം

Local News

മലപ്പുറം : കോട്ടക്കൽ ഉണ്ടായ കിണർ അപകടത്തിൽ, അസാമാന്യമായ മന:സാന്നിധ്യത്തോടെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത തമിഴ്നാട് സ്വദേശി പരശുരാമന് മലപ്പുറം അഗ്നി രക്ഷാ സേനയുടെ ആദരം. മലപ്പുറം ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി പരശുരാമനെ പൊന്നാടയണിയിച്ചു. ജില്ലാ ഫയർ ഓഫീസർ എസ്.എൽ ദിലീപ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ ഖുർബാനിയിൽ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് നിർമ്മാണത്തിലുള്ള കിണർ ഇടിഞ്ഞ് താഴ്ന്ന് രണ്ട് തൊഴിലാളികൾ അകപ്പെട്ടത്. ഒപ്പമുള്ള ജോലിക്കാരും നാട്ടുകാരും എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ പരശുരാമൻ കിണറ്റിൽ ഇറങ്ങി അഹദ് എന്നയാളുടെ മുഖത്ത് നിന്ന് മണ്ണ് മാറ്റി ശ്വാസതടസ്സം നീക്കിയശഷം തിരികെ കയറുകയായിരുന്നു.
അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഏറെ നേരത്തേ പരിശ്രമത്തിലൂടെ അഹദിനെ പുറത്തെടുത്ത് ആശുപ്രതിയിൽ എത്തിച്ചു. അഹദ് സുഖം പ്രാപിച്ച് വരുന്നു.ഒപ്പം അപകടത്തിൽ പെട്ട അലി അക്ബർ മരണമടയുകയും ചെയ്തു. മുമ്പ് കിണർ ജോലി ചെയ്തിരുന്ന പരശുരാമൻ ഗുഡ്സ് ഓട്ടോ ഓടിച്ചാണ് ഇപ്പോൾ ജീവിതം കഴിക്കുന്നത്.

സ്റ്റേഷൻ ഓഫീസർ . ഇ.കെ.അബ്ദുൾ സലിം സ്വാഗതം പറഞ്ഞു.
കെ.ടി.സമീർ എ.എസ്.പ്രദീപ്, കെ.കെ.ബാലചന്ദ്രൻ , എൻ.പ്രസാദ് ,സി.പി. അൻവർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.