അരയ്ക്കുതാഴെ തളര്‍ന്ന അഷ്‌റഫ് ഇനി ചാലിയാറില്‍ മീന്‍ പിടിച്ച് ജീവിക്കും

Local News

മലപ്പുറം: അരയ്ക്കുതാഴെ തളര്‍ന്നിട്ടും ജീവിതത്തോട് പടപൊരുതി ജീവിക്കുന്ന അഷ്‌റഫ് ഇനി ചാലിയാറില്‍ മീന്‍ പിടിച്ച് ജീവിക്കും. ചെറുപ്രായത്തില്‍തന്നെ പോളിയോ ബാധിച്ച് അരയ്ക്കുതാഴെ തളര്‍ന്ന മലപ്പുറം ആക്കോട് പീടികതൊടി അഷ്റഫിന്റെ ജീവനോപാധിക്കായി രാമപുരം ഫാത്തിമ വാട്‌സ്ആപ് ഗ്രുപ്പ് വാട്‌സ്ആപ്പ് കൂട്ടായ്മയാണ് തോണിയും വലയും സമ്മാനിച്ചത്. ചാലിയാറില്‍ മീന്‍പിടുത്തം തന്നെയാണു അഷ്‌റഫിന്റെ പ്രധാന ജീവനോപാധി. തോണിയും വലയും ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും തനിക്കു ഏറെ ഉപകാരപ്രദമാകുന്ന സഹായമാണ് ലഭിച്ചതെന്നും അഷ്‌റഫ് പറഞ്ഞു.

നാട്ടില്‍ പ്രളയമുണ്ടാകുന്ന സമയങ്ങളില്‍ ആക്കോട് അലിവ് ചാരിറ്റിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ഈ തോണി ഉപയോഗിക്കും. രാമപുരം ഫാത്തിമ മെഡിക്കല്‍ സെന്റര്‍ ഡയരക്ടര്‍മാരായ റജീബ്, റസീഫ്, ഷിബില്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ടി.വി ഇബ്രാഹിം എംഎല്‍എയാണു ഉപകരണങ്ങള്‍ അശ്റഫിന് കൈമാറിയത്.

ഇരു കാലുകള്‍ തളര്‍ന്നെങ്കിലും നാട്ടിലെ ഒരു പ്രവര്‍ത്തനങ്ങളില്‍നിന്നും അഷ്‌റഫ് ഇതുവരെ മാറിനിന്നിട്ടില്ല. കൂട്ടാര്‍ക്കൊപ്പം മീന്‍പിടിക്കാനും, കക്കപറിക്കാനും, ഉല്ലാസ യാത്രപോകാനുമെല്ലാം അഷ്‌റഫ് ഉണ്ടാകാറുണ്ട്. മറ്റുള്ളവര്‍ക്ക് മാതൃകയാണ് അഷ്‌റഫ് എന്ന് സുഹൃത്തുക്കള്‍തന്നെ പറയുന്നു. കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കാനും അഷ്‌റഫ് ഉണ്ടാകാറുണ്ട്. വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും ചേര്‍ത്തു പിടിക്കുന്നതിനാല്‍തന്നെ അഷ്‌റഫ് തന്റെ പോരായ്മകള്‍ മറക്കുകയാണ്. മുട്ടുകള്‍കൊണ്ടു അഷ്‌റഫ് ഇഴഞ്ഞു നീങ്ങൂന്ന കാഴ്ച്ച മനോവേദനയുണ്ടാക്കുന്നതാണെങ്കിലും തോണിയില്‍ സ്വയംകയറാനും ഇറങ്ങാനും തുഴഞ്ഞുപോകാനുമൊന്നും അഷ്‌റഫിന് മറ്റൊരാളുടെ സഹായം ആവശ്യമില്ല.

അലിവ് ചാരിറ്റി ചെയര്‍മാന്‍ എംസി സിദ്ദിഖ് മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം സികെ ശാക്കിര്‍, വാഴക്കാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ റഫീഖ് അഫ്‌സല്‍, എ.കെ നസീം, സികെ ഷൗക്കത്തലി, ടികെ മുഹമ്മദ്, ടിപി ജാഫര്‍ മാസ്റ്റര്‍, ഫൈസല്‍ കെ ആശംസകള്‍ നേര്‍ന്നു. അബു ആക്കോട് സ്വാഗതവും മുബീന്‍ കെ നന്ദിയും പറഞ്ഞു.