രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ ഉടൻ തുടങ്ങും

Health India News

ന്യൂഡൽഹി: കുട്ടികൾക്കുള്ള വാക്സിൻ ഉടൻ രാജ്യത്ത് ലഭ്യമാകുമെന്ന് കേന്ദ്രം ദില്ലി ഹൈക്കോടതിയെ അറിയിച്ചു. പന്ത്രണ്ടു വയസ്സുമുതൽ പതിനെട്ടു വയസ്സുവരെയുള്ള കുട്ടികൾക്കാണ് വാക്സിൻ ലഭിക്കുക.

ഈ പ്രായപരിധിയിലെ കുട്ടികളിൽ സൈഡസ് കാഡില വികസിപ്പിക്കുന്ന വാക്സിനുകളുടെ പരീക്ഷണം പൂർത്തിയാക്കിയതായും നിയമ നടപടികൾക്ക് ശേഷം പിന്നീട് ലഭ്യമാകുമെന്നും സൊലീസിറ്റർ ജനറൽ ചേതൻ ശർമ കോടതിയെ അറിയിച്ചിട്ടുണ്ട്.

ഈ വാക്സിനുകൾക്ക് അനുമതി ലഭിച്ചാൽ വാക്സിനേഷനുള്ള നയം രൂപീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവർ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

കൊവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിന് 2 മുതൽ 18 വയസ്സുവരെയുള്ളവരിൽ വാക്സിൻ പരീക്ഷിക്കാൻ ഡ്രഗ് കോൺട്രോൾ ജനറൽ ഓഫ്‌ ഇന്ത്യ അനുമതി കൊടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ചു കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഒഡിഷ തുടങ്ങിയ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിച്ചിരുന്നു.