ജനത്തെ പാപ്പരാക്കുന്ന സംസ്ഥാന ബജറ്റ്

Keralam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ പുതിയ ബജറ്റ് ജനത്തെ പാപ്പരാക്കും. പണ്ടേ ദുര്‍ബല ഇപ്പോ ഗര്‍ഭിണിയും എന്നതാണ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങളുടെ അവസ്ഥ. പ്രതിസന്ധിയുടെ കാലത്ത് ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നതാണ് പുതിയ ബജറ്റെന്ന് പൊതുവെ ആരോപണം ഉയര്‍ന്നു കഴിഞ്ഞു. . പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തും. ഇതിലൂടെ 750 കോടി രൂപ അധികമായി പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനും സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. 500 മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതല്‍ മുകളിലോട്ട് വില വരുന്ന മദ്യത്തിന് 40 രൂപ നിരക്കിലുമാണ് സാമൂഹ്യ സെസ്. 400 കോടി രൂപ അധികമായി ഇതിലൂടെ പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.

അതേ സമയം മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് 84.6 കോടി കേരളാ ബജറ്റില്‍ വകയിരുത്തി. തിരിച്ചെത്തിയ പ്രവാസികളുടെ നിലനില്‍പ്പിന് പുതിയ നൈപുണ്യ വികസന പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിക്കുകയാണെന്നും പ്രത്യേക പദ്ധതിക്ക് വേണ്ടി 25 കോടിയും വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.ഗള്‍ഫ് മേഖലയിലുള്ള പ്രവാസികള്‍ കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോള്‍ നല്‍കേണ്ടി വരുന്ന ഉയര്‍ന്ന വിമാന യാത്രാ ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ആഭ്യന്തര, വിദേശ എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരുടെയും ട്രാവല്‍ ഏജന്‍സികളുടെയും പ്രവാസി അസോസിയേഷനുകളുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു.

ഫ്‌ളാറ്റ്, അപ്പാര്‍ട്ട്‌മെന്റ് മുദ്രവില കൂട്ടി 7 ശതമാനമാക്കി. അഞ്ച് ശതമാനത്തില്‍ നിന്നാണ് ഏഴ് ശതമാനമാക്കിയത്. ഭൂമിയുടെ ന്യായവില പുതുക്കി 20 ശതമാനം കൂട്ടി. അതായത് ഭൂമിവില, പെട്രോള്‍ – ഡീസല്‍ വില, ഫ്‌ലാറ്റ്, അപ്പാര്‍ട്ട്‌മെന്റ് വില, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവില എന്നിവ കൂടും. അതേസമയം വൈദ്യുതി വാഹനങ്ങളുടെ ഒറ്റത്തവണ നികുതി കുറച്ചു. അഞ്ച് ശതമാനമാണ് കുറച്ചത്.