കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച്യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ധിച്ചസംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

Crime Local News

മലപ്പുറം: ഗള്‍ഫില്‍നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാളെ കൊളത്തൂര്‍ സി.ഐ. സുനില്‍പുളിക്കല്‍ അറസ്റ്റ് ചെയ്തു. താമരശ്ശേരി സ്വദേശി ഷമീറിനെയാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. പാങ്ങ് ചന്തപ്പറമ്പ് താമസിക്കുന്നതും കഴിഞ്ഞ ജനുവരിയില്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി തന്റെ വീടുപണി നടക്കുന്ന സ്ഥലത്ത് നില്‍ക്കുകയായിരുന്ന മൊയ്തീന്‍ഷാ എന്നയാളെ കാറിലും ബൈക്കിലുമായി വന്ന ആറോളം ആളുകള്‍ ചേര്‍ന്ന് ബലമായി പിടിച്ച് കാറിലേക്ക് കയറ്റി കൊണ്ടുപോയതായി മൊയ്തീന്‍ഷാ യുടെ ജ്യേഷ്ഠനും സഹോദരിയുമാണ് കൊളത്തൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പോലീസ് അന്വേഷണം നടത്തുന്നതറിഞ്ഞ പ്രതികള്‍ പുലര്‍ച്ചെയോടെ മൊയ്തീന്‍ഷാ യെ കോഴിക്കോട് കൊണ്ടുവന്ന് ഇറക്കിവിടുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മൊയ്തീന്‍ഷാ ഹോസ്പിറ്റലില്‍ ചികിത്സ തേടിയശേഷം സ്റ്റേഷനില്‍ ഹാജരായി നല്‍കിയ മൊഴിയുടെയടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോയി താമരശ്ശേരി യിലുള്ള ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി മര്‍ദ്ധിച്ച് പരിക്കേല്‍പ്പിച്ചതായുംകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പറഞ്ഞതിന്റെയടിസ്ഥാനത്തില്‍ വധശ്രമമുള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തത്. വിവരം ലഭിച്ചയുടന്‍ തന്നെ മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം കൊളത്തൂര്‍ സി.ഐ.സുനില്‍ പുളിക്കലും സംഘവും സംഭവസ്ഥലത്തെ രര്േ ദൃശ്യങ്ങള്‍ പരിശോധിച്ചതിലും ദൃക്‌സാക്ഷികളോടും മറ്റും ചോദിച്ചതിലും തട്ടിക്കൊണ്ടുപോയ വാഹനത്തെ കുറിച്ചും പ്രതികളെ കുറിച്ചും സൂചനലഭിച്ചതിന്റെയടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഗള്‍ഫില്‍ നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം പ്രതികള്‍ക്ക് കൈമാറാതെ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റൊരു സംഘത്തിന് കൈമാറിയതുകൊണ്ട് സ്വര്‍ണ്ണത്തിന്റെ വിലയായ അമ്പതുലക്ഷം രൂപ തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ടാണ് താമരശ്ശേരി സ്വദേശികളായ ആറോളം പേര്‍ മൊയ്തീന്‍ഷായുടെ വീട്ടിലെത്തി നിരന്തരം ഭീഷണിപ്പെടുത്തി കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോയത്. മുന്‍പും പലതവണ മൊയ്തീന്‍ഷായെ അന്വേഷിച്ച് നാട്ടില്‍ വന്നിരുന്നതായും സൂചനകള്‍ ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് വ്യക്തമായ സൂചനലഭിക്കുകയും പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് മുഖ്യപ്രതികളിലൊരാളായ താമരശ്ശേരി സ്വദേശി ഷമീര്‍ കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് വഴി രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതിന്റെയടിസ്ഥാനത്തില്‍ അവിടെ വച്ച് ഇന്നലെ രാവിലെ പിടികൂടുകയും ചെയ്തു. മറ്റുപ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും മുന്‍പും സമാന കേസുകളില്‍ പ്രതിയായവര്‍ കൂട്ടത്തിലുണ്ടെന്നും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ , സി.ഐ.സുനില്‍ പുളിക്കല്‍ എന്നിവരറിയിച്ചു. പിടിയിലായ ഷമീറിനെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ഷമീറും സംഘവും മുന്‍പും പലതവണ സ്വര്‍ണം ഗള്‍ഫില്‍ നിന്ന് കാരിയര്‍മാര്‍ മുഖേന നാട്ടിലേക്ക് കടത്തിയതായും ഡി.ആര്‍.ഐ. യില്‍ ഷമീറിന്റെ പേരില്‍ കേസ് നിലവിലുള്ളതായും പ്രതികളെല്ലാം സ്വര്‍ണ്ണകള്ളക്കടത്ത് മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും സി.ഐ. സുനില്‍ പുളിക്കല്‍ അറിയിച്ചു. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ ,സി.ഐ.സുനില്‍ പുളിക്കല്‍ ,എസ്‌ഐ.റിജി,പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്‌ക്വാഡ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്