മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു :ലോക്ക്ഡൗൺ കാലത്തെ വേതനം ലഭിച്ചു

Keralam Local News

മലപ്പുറം : നിലമ്പൂർ ഗവ. ഐ.ടി.ഐ. യിൽ ലോക്ക്ഡൗൺ കാലത്ത് ഗസ്റ്റ് ഇൻസ്ട്രക്റ്റർ മാരായി ജോലി ചെയ്തിരുന്നവർക്ക് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിലൂടെ ശമ്പളം ലഭിച്ചു.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. വഴിക്കടവ് നരിവാലമുണ്ട സ്വദേശി സന്തോഷ് എൻ. ജോസഫ്, സി.എം. നിസാർ അലി എന്നിവർക്കാണ് വേതനം ലഭിച്ചത്.

 നിലമ്പൂർ ഐ.ടി.ഐ. പ്രിൻസിപ്പൽ റിപ്പോർട്ട് സമർപ്പിച്ചു.  കോവിഡ് ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരുന്ന കാലത്ത് സിലബസ് പൂർത്തിയാകാത്തതു കാരണമാണ് ഗസ്റ്റ് അധ്യാപകരെ നിയമിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.  സർക്കാരിൽ നിന്നും അനുകൂല മറുപടി കിട്ടിയാൽ മാത്രമേ വേതനം നൽകാൻ കഴിയുകയുള്ളൂവെന്ന് ആദ്യ റിപ്പോർട്ടിൽ പറഞ്ഞു..  എന്നാൽ പിന്നീട് സർക്കാർ ഇക്കാര്യം നിരസിച്ചു.  ഗസ്റ്റ് ഇൻസ്ട്രക്ടർമാർക്ക് വേതനം നൽകാൻ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തണമെന്നും സർക്കാർ അറിയിച്ചു.   തുടർന്ന് ഗസ്റ്റ് അധ്യാപകർക്ക് സ്ഥാപനത്തിൽ നിന്ന് വേതനം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

 എന്നാൽ വേതനം വൈകിപ്പിക്കാൻ കാരണമായവർക്കെതിരെ നടപടിയെടുക്കണമെന്ന പരാതിക്കാരുടെ ആവശ്യം കമ്മീഷൻ അംഗീകരിച്ചില്ല.  പരാതിക്കാർക്ക് ആവശ്യമെങ്കിൽ പരാതി പരിഹരിക്കുന്നതിനായി സിവിൽ കോടതിയെ സമീപിക്കാമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.