ബാറ്റ്സ്മാൻ ഇനി ബാറ്ററാകും;പുതിയ പരിഷ്കാരവുമായി എം.സി.സി

News Sports

ക്രിക്കറ്റിൽ ഇനി മുതൽ ബാറ്റ്സ്മാൻ എന്ന വാക്കിന് സാധുതയില്ല. മറിച്ച് ബാറ്റർ എന്നാവും ഉപയോഗിക്കുക. പുതിയ തീരുമാനം ലിംഗ സമത്വം നടപ്പാക്കുന്നതിന്റെ ഭാഗമായാണെന്ന് ക്രിക്കറ്റിലെ നിയമങ്ങൾക്ക് രൂപം കൊടുക്കുന്ന മാരിബോൺ ക്രിക്കറ്റ് ക്ലബ് (എം.സി.സി) അറിയിച്ചു.

2017 മുതൽ ഇതിനെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരുന്നുവെന്നും ഇപ്പോഴാണ് തീരുമാനമെടുക്കാൻ കഴിഞ്ഞതുമെന്നാണ് എം.സി.സി നൽകുന്ന വിശദീകരണം. ബാറ്റർ എന്ന വാക്ക് കൂടുതൽ അനുയോജ്യമാണെന്നും സ്ത്രീകളെയും പുരുഷന്മാരെയും പ്രതിനിധീകരിക്കാൻ ബാറ്റർ എന്ന പദത്തിനാവുമെന്നും ഭാരവാഹികൾ അറിയിച്ചു. ബൗളർ, ഫീൽഡർ എന്നീ വാക്കുകൾക്ക് സമാനമായാണ് ബാറ്സ്മാൻ എന്ന പദം പരിഷ്കരിച്ചത്.

ലോകത്തിലാകെ വനിതാ ക്രിക്കറ്റിന് വലിയ പ്രചാരം ലഭിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ മാറ്റം. ലണ്ടനിലെ ലോർഡ്‌സിൽ നടന്ന ഇന്ത്യ ഇംഗ്ലണ്ട് വനിതാ ലോകക്കപ്പ് ഫൈനലിന് കാഴ്ചക്കാരായി വലിയ ജനക്കൂട്ടം തന്നെ എത്തിയിരുന്നു. അതുപോലെ 2020 ൽ മെൽബണിൽ നടന്ന വനിത ട്വന്റി 20 ലോകക്കപ്പ് ഫൈനലിന് എത്തിയത് 86174 പേരായിരുന്നു.

ഈയടുത്ത് ഇംഗ്ലണ്ടിൽ സമാപിച്ച ദി ഹൻട്രഡ് ടൂർണ്ണമെന്റിൽ ബാറ്റർ എന്ന വാക്കാണ് ഉപയോഗിച്ചത്. തേർഡ് മാൻ എന്നതിന് പകരം തേർഡ് എന്ന് മാത്രമാണിപ്പോൾ കമന്ററിയിലടക്കം ഉപയോഗിക്കുന്നത്. വനിത ക്രിക്കറ്റ്​ ടെസ്റ്റില്‍ നൈറ്റ്​വാച്ച്‌​മാന്‍ എന്ന പദത്തിന്​ പകരമായി ബി.ബി.സി, സ്​കൈ സ്​പോര്‍ട്​സ്​ അടക്കമുള്ള സംപ്രേക്ഷകര്‍ ഉപയോഗിക്കുന്നത് നൈറ്റ്​വാച്ച്‌ എന്ന പദമാണ്. ​​

ലിംഗ അസമത്വം അടിയുറച്ചു പോയിട്ടുള്ളത് ഭാഷയിലാണ്. ലോകത്തിലെ എല്ലാ ഭാഷകളും പുരുഷന് മുൻ‌തൂക്കം നൽകുന്നവയാണ്. കാലോചിതമായി പല മാറ്റങ്ങളും വരുന്നുണ്ടെന്നതാണ് ഏക ആശ്വാസം. അത്തരത്തിൽ ക്രിക്കറ്റ് ലോകത്ത് വന്ന പുതിയ മാറ്റമാണ് ഇപ്പോൾ ചർച്ചയാവുന്നത്.