ഡിസംബർ 24ന് ഇന്ത്യയിൽ മിന്നലടിക്കും; പ്രഖ്യാപനവുമായി നെറ്റ്ഫ്ലിക്സ്

Entertainment Keralam News

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രമായ ‘മിന്നൽ മുരളി’ നെറ്റ്ഫ്ലിക്സിൽ ഡിസംബർ 24 മുതൽ സ്ട്രീം ചെയ്യും. നെറ്റ്ഫ്ലിക്സിന്റെ തന്നെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. ഗോദയ്ക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം ആറു ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രഖ്യാപനം മുതൽ ആരാധകർ കാത്തിരിക്കുന്ന ചിത്രം നിലവിലെ സാഹചര്യത്തിൽ തീയേറ്ററിൽ പ്രദർശിപ്പിക്കാനാവാതെ നെറ്റ്ഫ്ലിക്സിന് കൈമാറുകയായിരുന്നു.

മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലും മിന്നൽ മുരളി എന്ന പേരിലിറങ്ങുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് മിസ്റ്റര്‍ മുരളിയെന്നും തെലുങ്ക് പതിപ്പിന് മെരുപ്പ് മുരളിയെന്നുമാണ് പേരിട്ടിരിക്കുന്നത്. മിഞ്ചു മുരളിയെന്നാണ് കന്നഡ പതിപ്പിന്റെ പേര്. ടോവിനോയുടെ ആദ്യത്തെ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. വ്ളാഡ് റിംബർഗാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. ആൻഡ്രൂ ഡിക്രൂസാണ് ചിത്രത്തിന്റെ വിഎഫ്എക്സ് സൂപ്പർവൈസര്‍.

കോവിഡ് സാഹചര്യത്തിൽ ഷൂട്ടിങ്ങ് മുടങ്ങിയതിനാൽ ചിത്രത്തിന്റെ ക്ലൈമാക്സ് കഴിഞ്ഞ ദിവസമായിരുന്നു ചിത്രീകരിച്ചത്. 20 ദിവസങ്ങളാണ് ക്ലൈമാക്സ് ചിത്രീകരിക്കുന്നതിനു മാത്രമെടുത്തത്.