ഭൂമി സൗജന്യ തരം മാറ്റൽ :2017 ന് ശേഷം കൈവശം കിട്ടിയവരിൽ നിന്ന് ഈടാക്കിയ ഫീസ് തിരിച്ച് നൽകണം

News

മലപ്പുറം :2017 ന് ശേഷം ഭൂമി കൈവശം കിട്ടിയ വരിൽ നിന്ന് ഭൂമി തരം മാറ്റാൻ ഈടാക്കിയ ഫീസ് തിരിച്ച് നൽകണമെന്ന് ആവശ്യം.
2017ന് ശേഷം ഉടമസ്ഥാവകാശം കൈമാറിക്കിട്ടിയ 25 സെന്റ് വരെ ഉള്ള ഭൂമിയും 2021 ലെ ഉത്തരവ് പ്രകാരം സൗജന്യമായി തരം മാറ്റി നൽകാവുന്നതാണെന്ന് ഉത്തരവായിട്ടുണ്ട്.നെൽവയൽ തണ്ണീർ തട സംരക്ഷണ നിയമ പ്രകാരം ഡാറ്റാ ബാങ്കിൽ കൃഷി ഭൂമിയാണെന്ന് വിജ്ഞാപനം ചെയ്യപ്പെടാത്തതും , റവന്യൂ രേഖകളിൽ നഞ്ച,നിലം എന്നിങ്ങനെ രേഖപ്പെടുത്തിയതും ,
25 സെന്റിൽ അതികരിക്കാത്തതുമായ ഭൂമി വീട് വെക്കുന്ന ആവശ്യത്തിലേക്കായി സൗജന്യമായി തരം മാറ്റി നൽകാവുന്നതാണെന്ന് 2021 ലെ ഉത്തരവുകൾ പ്രകാരം വ്യക്തമാക്കിയിരുന്നതാണ്.
എന്നാൽ ഈ ആനുകൂല്യം 2017 ഡിസംബർ 30ന് ഭൂമി കൈവശമുള്ള വെക്തികൾക്ക് മാത്രമായി സർക്കാർ പരിമിതപ്പെടുത്തുകയായിയിരുന്നു.

2017 ന് ശേഷം വിലക്ക് വാങ്ങിയോ, പിൻതുടർച്ചാവകാശ പ്രകാരമോ കൈമാറികിട്ടുന്ന ഭൂമിക്ക് 2017 ന് ശേഷമാണ് കൈവശം കിട്ടിയതെന്ന കാരണത്താൽ സർക്കാർ ഈ സൗജന്യം നൽകിയിരുന്നില്ല. ഇവരിൽ നിന്ന് ഭൂമിയുടെ 10% വില ഈടാക്കിയാണ് തരം മാറ്റി നൽകിയത്.ഇതാണ് കോടതിയുടെ നിർദേശ പ്രകാരം എല്ലാവർക്കും ബാധകമാക്കിയത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ലൈഫ് പദ്ധതി പ്രകാരം വീടിന് സഹായം ലഭിച്ച ദരിദ്രരിൽ ദരിദ്രരായ നിരവധി പേരാണ് കുറഞ്ഞവിലക്ക് ഇത്തരത്തിലുള്ള ഭൂമിവാങ്ങി വെട്ടിലായത് .
വീട് വെക്കുന്ന ആവശ്യത്തിലേക്കായി 25 സെന്റ് വരെ ഉള്ള ഭൂമി സൗജന്യ മായി തരം മാറ്റി നൽകാം എന്ന 2021 ലെ ഉത്തരവിന്റെ ആനുകൂല്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് പലരും വീടിനുളള സ്ഥലം വാങ്ങിയത്. ഇവരാണ് തൊട്ടടുത്ത കര ഭൂമിയുടെ വില ഇതിനുംകണക്കാക്കി വില യുടെ പത്ത് ശതമാനം ഫീസായി നൽകി തരം മാറ്റേണ്ടി വന്നത്.

കൈവശ സർട്ടിഫിക്കറ്റിൽ നഞ്ച/ നിലം എന്നിങ്ങനെ രേഖപെടുത്തിയിട്ടുള്ള ഭൂമിയിൽ വീട് വെക്കുന്നതിന് തദ്ധേശസ്ഥാപനങ്ങളിൽ നിന്ന് പെർമിറ്റും. ലൈഫ് പദ്ധതി പ്രകാരമുള്ള സഹായവും ലഭിക്കില്ല. അതിനാലാണ് വീടെന്ന സ്വപ്നം പൂവണിയുന്നതിനായി 10% ഫീസ് നൽകി തരം മാറ്റേണ്ടി വരുന്നത്.
എന്നാൽ 30/12/17 വരെ ഒരു ആളുടെ കൈവശം ഒന്നായി കിടന്നതും അതിന് ശേഷം 25 സെന്റോ അതിനു താഴെയോ വിസ്തീർണമുള്ള പ്ലോട്ടുകളാക്കിയിട്ടുള്ളതുമായ ഭൂമി വിലയാധാര പ്രകാരമോ മറ്റുരീതിയിലോ ഉടമസ്ഥാവകാശം കൈമാറി ലഭിക്കുന്ന സംഗതിയിൽ സൗജന്യമായി തരം മാറ്റാവുന്നതല്ല.

2017 ന് ശേഷം കൈവശം കിട്ടിയ വരിൽ നിന്ന് ഭൂമി തരം മാറ്റാൻ ഈടാക്കിയ ഫീസ് തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് കോഡൂർ പഞ്ചായത്ത് വികസന കാര്യ ചെയർ പേഴ്സൺ ഫാത്തിമ വട്ടോളി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.