പതിനാലുകാരനെ കൊലപ്പെടുത്തി; ആനയും കുട്ടിയും അറസ്റ്റിൽ

Crime India News

അസം: പതിനാലുകാരനെ കൊലപ്പെടുത്തിയ കേസിൽ ആനയെയും കുട്ടിയേയും കസ്റ്റഡിയിൽ എടുത്തു പൊലീസ്. നഹാരിജൻ തേയിലത്തോട്ടത്തിലെ ബിത്തു ഗൗഡ്ഡ്‌ എന്ന കുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് ഡുലുമോൻ എന്ന ആനയെയും മകൾ ലക്ഷ്മിയെയും പൊലീസ് അറസ്റ്റു ചെയ്തത്.

അസമിലെ ബോക്കഘട്ടിലെ മുൻ എം.എൽ.എ ജീതൻ ഗൊഗോയിയുടെ ഉടമസ്ഥയിലുള്ള ആനയായിരുന്നു ഡുലുമോൻ. അക്രമം അറിഞ്ഞു നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് ആനയെ കസ്റ്റഡിയിൽ എടുത്തത്. പാല് കുടിക്കുന്ന പത്തുമാസം പ്രായമുള്ള മകളെയും ഡുലുമോനോടൊപ്പം അറസ്റ് ചെയ്യുകയായിരുന്നു. അതിനുശേഷം രണ്ടു ആനകളെയും വനംവകുപ്പിന് കൈമാറി.

കൊല്ലപ്പെട്ട ബിത്തു ഗൗഡ്ഡ്‌ കുട്ടിയാനയെ എപ്പോഴും ശല്യം ചെയ്തിരുന്നെന്നും, ഇതിൽ പ്രകോല്‌പിതനായ ഡുലുമോൻ കുട്ടിയെ ആക്രമിക്കുകയുമാണ് ചെയ്തതെന്നാണ് ഉടമ ജീതൻ പ്രതികരിച്ചത്. ഇതിന്റെ പേരിൽ നാട്ടുകാർ ജിതനെ വീട്ടിൽ പിടിച്ചു വെയ്ക്കുകയും വീട് കല്ലെറിഞ്ഞു തകർക്കുകയും ചെയ്തു. “കാസിരംഗ നാഷണൽ പാർക്കിൽ സവാരിക്കായി ആളുകൾ കൊണ്ടുപോകുന്ന ആനയായിരുന്നു ഡുലുമോൻ. അവൻ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല.” ജീതൻ പറഞ്ഞു.

മൃഗങ്ങൾക്ക് അവരുടെ കുഞ്ഞുങ്ങളുടെ കാര്യത്തിലുള്ള അതീവ ശ്രദ്ധയും സ്‌നേഹവും കാരണമാണ് ആന ഇങ്ങനെ ചെയ്തതെന്നാണ് കാസിരംഗ ഡിഎഫ്ഒ രമേശ് ഗൊഗോയ് പറഞ്ഞു.