എയ്ഡഡ് സ്കൂളുകളിൽകൗൺസിലർ: പരിഗണനയിലെന്ന്സർക്കാർ മനുഷ്യാവകാശ കമ്മീഷനിൽ

Local News

മലപ്പുറം: കൗമാരക്കാരായ പെൺകുട്ടികൾക്ക് കൗൺസിലിംഗ് നൽകുന്നതിനായി സർക്കാർ സ്കൂളുകളിലേത് പോലെ എയ്ഡ്ഡ് സ്കൂളുകളിലും കൗൺസിലർമാരെ നിയമിക്കണമെന്ന ആവശ്യം സർക്കാരിൻ്റെ പരിഗണനക്കായി സമർപ്പിച്ചിട്ടുണ്ടെന്ന് വനിതാ ശിശു വികസന ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

എയ്ഡഡ് സ്കൂളുകളിൽ കൗൺസിലർമാരെ നിയമിക്കണമെന്ന ആവശ്യത്തിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
തുടക്കത്തിൽ 163 സ്കൂളുകളിലായി ആരംഭിച്ച പദ്ധതി നിലവിൽ 1012 സ്കൂളുകളിൽ വ്യാപിപ്പിച്ചിട്ടുണ്ട്. സർക്കാർ സ്കൂളുകൾക്കാണ് മുൻഗണന നൽകുന്നത്. പുതുതായി ആയിരത്തിലധികം സകൂളുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.ഇതിൽ ഭൂരിഭാഗവും എയ്ഡഡ് സ്കൂളുകളാണ്. പുതിയ സ്കൂളുകളിൽ കൗൺസിലർ തസ്തിക സൃഷ്ടിക്കാൻ ഒരു വർഷം 30 കോടിയോളം രൂപ ആവശ്യമാണ്. സർക്കാരിൻ്റെ സാമ്പത്തിക അവസ്ഥക്ക് അനുസരിച്ച് ഇത് പരിശോധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
മലപ്പുറം കൂരിയാട് സ്വദേശി കെ.നൗഷാദ് സമർപ്പിച്ച പരാതിയിലാണ് നടപടി.