മലപ്പുറത്ത് തേങ്ങ തലയില്‍ വീണ് യുവതി മരിച്ചു

News

മലപ്പുറം: തേങ്ങ തലയില്‍ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മലപ്പുറം പുതുപൊന്നാനി ഹൈദ്രോസ് പള്ളിക്ക് സമീപം താമസിക്കുന്ന പുതുപറമ്പില്‍ മൊയ്തീന്‍ ഷായുടെ ഭാര്യ ലൈല ( 25)യാണ് മരണത്തിന് കീഴടങ്ങിയത്. രണ്ട് ദിവസം മുന്‍പാണ് അപകടം നടന്നത്.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മകന്‍ മൂന്ന് വയസുകാരനായ മുഹമ്മദ് ഗസാലി.

തിയോസഫിക്കല്‍ സൊസൈറ്റിയുടെ ഗ്രന്ഥശേഖരം സര്‍വകലാശാലക്ക്

പഴയകാല പുസ്തകങ്ങളും മാസികകളും ഡിജിറ്റല്‍ രൂപത്തിലാക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര വിഭാഗത്തിന്റെ പദ്ധതിയിലേക്ക് തിയോസഫിക്കല്‍ സൊസൈറ്റിയുടെ പഴയകാല മാസികകളും ഗ്രന്ഥങ്ങളും ലഭിച്ചു. 1883-ല്‍ തിരുവനന്തപുരത്ത് സ്ഥാപിതമായ തിയോസഫിക്കല്‍ സൊസൈറ്റി അഥവാ ബ്രഹ്മവിദ്യാ സംഘത്തിന്റെ പുസ്തകശേഖരമാണ് സര്‍വകലാശാലക്ക് കൈമാറിയത്. അമേരിക്കക്കാരനായ ഹെന്റി സ്റ്റീല്‍ ഒള്‍ക്കോട്ട് നേരിട്ടെത്തി സ്ഥാപിച്ചതാണ് തിരുവനന്തപുരത്തെ ബ്രഹ്മവിദ്യാസംഘം. ആനി ബസന്റ്, മഹാകവി കുമാരനാശാന്‍, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, മഞ്ചേരി രാമയ്യര്‍ തുടങ്ങിയവര്‍ തിയോസഫി പ്രസ്ഥാനത്തിലെ അംഗങ്ങളായിരുന്നു. നിരവധി തിയോസഫി ഗ്രന്ഥങ്ങളും, മാസികകളും, പ്രചാരണ ലഘുലേഖകളും സര്‍വകലാശാലാ ചരിത്ര വിഭാഗത്തിന് ലഭിച്ചു. ഇവയുടെ ഡിജിറ്റല്‍ പകര്‍പ്പ് തിയോസഫി ശാഖക്ക് നല്‍കുന്നതിനോടൊപ്പം ഓാണ്‍ലൈനായി ഗവേഷകര്‍ക്ക് സൗജന്യമായി ലഭ്യമാക്കും. തിരുവനന്തപുരം അനന്ത തിയോസഫിക്കല്‍ സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര വിഭാഗം പ്രൊഫസര്‍ ഡോ. പി. ശിവദാസന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഡോ. എന്‍.കെ. അജിത് കുമാര്‍ അധ്യക്ഷനായി. ബ്രഹ്മവിദ്യാ സംഘം പ്രവര്‍ത്തകരായ എസ്. ശിവദാസ്, ബി. ഹരിഹരന്‍, എം. സനല്‍കുമാര്‍, ആര്‍. ശശിധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അധ്യാപകരും ഗവേഷകരും പങ്കെടുത്തു.