മുസ്ലിംലീഗിലെ പുതിയ മെമ്പര്‍മാരില്‍ ഭൂരിഭാഗവും സ്ത്രീകള്‍

News Politics

മലപ്പുറം: മുസ്ലിംലീഗിലെ പുതിയ മെമ്പര്‍മാരില്‍ ഭൂരിഭാഗവും സ്ത്രീകള്‍. മെമ്പര്‍ഷിപ്പ് കാമ്പെയിന്‍ പൂര്‍ത്തിയായപ്പോള്‍ മുസ്ലിം ലീഗിന് സംസ്ഥാനത്ത് 24.33 ലക്ഷം അംഗങ്ങള്‍. ഇതില്‍ 51 ശതമാനവും സ്ത്രീകളാണ്. പുരുഷന്മാര്‍ 49ഉം. ആകെയുള്ള അംഗങ്ങളില്‍ 61 ശതമാനവും 35 വയസ്സില്‍ താഴെയുള്ളവരാണെന്നും മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു. 2016ലെ കാമ്പെയിനില്‍ 22 ലക്ഷം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇത്തവണ 2,33,295 അംഗങ്ങളുടെ വര്‍ദ്ധനവുണ്ടായി. നവംബര്‍ ഒന്ന് മുതല്‍ 30 വരെയാണ് കാമ്പെയിന്‍ നടന്നത്.
ലീഗിന്റെ സന്ദേശം യുവതലമുറയിലേക്കും വനിതകളിലേക്കും മികച്ച രീതിയില്‍ എത്തിയതിന്റെ തെളിവാണിതെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാമ്പസുകളില്‍ എം.എസ്.എഫിന് ലഭിച്ച വോട്ടുകളില്‍ ബഹുഭൂരിഭാഗവും പെണ്‍കുട്ടികളുടേതാണെന്നും സ്ത്രീ സമൂഹം ലീഗിനെ വലിയതോതില്‍ അംഗീകരിക്കുന്നുണ്ടെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തില്‍ തീവ്രവാദം വേര് പിടിക്കാതെ നോക്കിയതിന് മുന്നില്‍ നിന്നത് ലീഗാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗൃഹസമ്പര്‍ക്ക പരിപാടികളും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളുമായി വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പുതിയ അംഗങ്ങളെ ചേര്‍ക്കല്‍, അംഗത്വം പുതുക്കല്‍ എന്നിവ പൂര്‍ത്തിയാക്കിയത്. സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ആപ്ലിക്കേഷനില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യലും ഓണ്‍ലൈന്‍ വഴി അംഗത്വ ഫീസ് അടയ്ക്കലും ഡിസംബര്‍ 15നകം പൂര്‍ത്തിയാക്കിയിരുന്നു.
പുതിയ വാര്‍ഡ് കമ്മിറ്റികളുടെ രൂപവത്കരണം ഡിസംബറില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈമാസം 15നകം പഞ്ചായത്ത് കമ്മിറ്റികളും ശേഷം മണ്ഡലം കമ്മിറ്റികളും നിലവില്‍ വരും. ഫെബ്രുവരിയോടെ ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കും. മാര്‍ച്ച് ആദ്യവാരത്തോടെ പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വരും. മാര്‍ച്ച് 10ന് ദേശീയ കമ്മിറ്റിയുടെ പ്രഖ്യാപനവും കൗണ്‍സിലും ചെന്നൈയില്‍ നടക്കും. മറീന ബീച്ചില്‍ വച്ചാണ് ലീഗിന്റെ 75ാം വാര്‍ഷികാഘോഷ സമ്മേളനം. സമ്മേളനങ്ങളോട് കൂടിയാണ് ഓരോ ഘടകങ്ങളിലും കമ്മിറ്റികള്‍ വരുന്നത്. മുസ്ലിം ലീഗ് കമ്മിറ്റികള്‍ക്കൊപ്പം വാര്‍ഡ് തലം തൊട്ട് വനിതാ ലീഗ് കമ്മിറ്റികളും രൂപവത്കരിക്കുന്നുണ്ട്. യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും സംഘടനാരംഗത്ത് മതിയായ പ്രാധാന്യമേകും. എത്ര ശതമാനമെന്ന് നിശ്ചയിച്ചിട്ടില്ല. ത്രിതല പഞ്ചായത്തുകളിലെ ലീഗ് ജനപ്രതിനിധികളില്‍ 60 ശതമാനവും വനിതകളാണ്. നിയമസഭ, പാര്‍ലമെന്റുകളിലേത് പിന്നീട് ചര്‍ച്ച ചെയ്യുമെന്നും ലീഗ് നേതൃത്വമറിയിച്ചു. മുജാഹിദ് വിഭാഗവുമായി സംസാരിച്ചിട്ടുണ്ട്. മുസ്ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയോട് അവര്‍ക്ക് സ്ഥിരമായ ബഹിഷ്‌കരണമില്ല. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.