മലപ്പുറം മൈലപ്പുറത്തെ ഹംബ് പൊളിച്ചു മാറ്റും

News

മലപ്പുറം: വാഹനാപകടങ്ങളും മരണങ്ങളും സംഭവിച്ച മലപ്പുറം നഗരസഭയിലെ മൈലപ്പുറം ജംഗ്ഷനില്‍ അപകടകരമായ രീതിയിലുള്ള ഇരു സൈഡുകളിലെയും ഹമ്പുകള്‍ പൊളിച്ചു മാറ്റാന്‍ ഇന്ന് ചേര്‍ന്ന മലപ്പുറം നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയില്‍ ധാരണയായി. അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ച ഹമ്പ് കാരണം ഈ അടുത്തകാലത്തായി ഹമ്പില്‍ തട്ടിത്തെറിച്ച് വീണ് രണ്ട് യുവാക്കള്‍ മരണപ്പെട്ടിരുന്നു. പൊളിച്ചുമാറ്റുന്ന ഹംപിന് പകരം പി.ഡബ്ല്യു.ഡി നിര്‍ദ്ദേശപ്രകാരമുള്ള ചെറിയ രീതിയിലുള്ള ഹംബ് സ്ഥാപിക്കുകയും, റംബിള്‍ സ്റ്റെപ്പുകളും, ഇരുഭാഗങ്ങളിലും സൂചന ബോര്‍ഡുകളും രണ്ടാഴ്ചക്കകം സ്ഥാപിക്കുവാനും തീരുമാനിച്ചു.നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരായ മഹ്മൂദ് കോതേങ്ങള്‍, സി. എച്ച്.നൗഷാദ്, സി. സുരേഷ് മാസ്റ്റര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്, പൊതുമരാമത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ,വില്ലേജ് ഓഫീസര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.