മലാശയത്തില്‍ കടത്താന്‍ ശ്രമിച്ചത് 54ലക്ഷംരൂപയുടെ സ്വര്‍ണം. കരിപ്പൂരില്‍ മഞ്ചേരി സ്വദേശി പിടിയില്‍

News

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി ഒരു കിലോയിലധികം സ്വര്‍ണം കടത്തുന്നതിനിടെ യാത്രക്കാരന്‍ പോലീസിന്റെ പിടിയിലായി. ഷാര്‍ജയില്‍ നിന്നു കരിപ്പൂരിലെത്തിയ മഞ്ചേരി സ്വദേശി താഹിര്‍ (28) ആണ് പിടിയിലായത്. ശരീരത്തിനകത്ത് 1.018 കിലോഗ്രാം സ്വര്‍ണ മിശ്രിതം നാലു ക്യാപ്സ്യൂളുകളായി ഒളിപ്പിച്ചു കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. വിപണിയില്‍ 54 ലക്ഷം രൂപ വില വരുമിതിന്. എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിനു പുറത്തിറങ്ങിയ താഹിറിനെ നിരീക്ഷിച്ച് പോലീസുണ്ടായിരുന്നു. താഹിര്‍ തന്നെ കൊണ്ടുപോകാന്‍ വന്ന ബന്ധുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്കു പോകും വഴിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

മലപ്പുറം പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താഹിറിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ കുറ്റം വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിക്കുകയായിരുന്നു. എന്നാല്‍ സ്വര്‍ണം കണ്ടെത്താനായില്ല.
തൂടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തുകയായിരുന്നു.
ഇതിലാണ് വയറിനകത്ത് സ്വര്‍ണ മിശ്രിതമടങ്ങിയ നാലു ക്യാപ്സ്യൂളുകള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി റിപ്പോര്‍ട്ട് കസ്റ്റംസിനു കൈമാറും