ഒഴിവുകള്‍ക്ക് ആനുപാതികമായി പിഎസ്‌സി റാങ്ക് പട്ടിക തയ്യാറാക്കുമെന്ന് സർക്കാർ

Keralam News

തിരുവനന്തപുരം: ഒഴിവുകള്‍ക്ക് നേരെ ആനുപാതികമായി സംവരണത്തെ അടിസ്ഥാനമാക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന രീതിയിലേക്ക് പിഎസ്‌സി മാറാനൊരുങ്ങുന്നു. ഒഴിവുകളുടെ എണ്ണത്തേക്കാൾ മൂന്നിരട്ടി മുതൽ അഞ്ചിരട്ടി വരെ ഉദ്യോഗാ‌ര്‍ത്ഥികളെ വെച്ച് ഉണ്ടാക്കുന്ന ഇപ്പോഴത്തെ റാങ്ക് ലിസ്‌റ്റ് രീതികളാണ് മാറ്റുന്നത്. എച്ച്‌.സലാം നിയമസഭയിൽ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഈ കാര്യം സൂചിപ്പിച്ചത്.

നിലവിൽ തയ്യാറാക്കുന്ന റാങ്ക് പട്ടികയിലെ എല്ലാവര്ക്കും ജോലി കിട്ടില്ല. പക്ഷെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാര്‍ത്ഥികളിൽ പലരും ചൂഷണങ്ങൾക്ക് ആവശ്യമില്ലാത്ത പ്രവണതകൾക്കും വിധേരാകുന്നത് കണ്ടാണ് മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമില്ലാത്ത പ്രതീക്ഷയുണ്ടാക്കുന്ന സാഹചര്യം ഇനി വരുത്തില്ലായെന്നും ജസ്‌റ്റിസ് ദിനേശന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം സർക്കാർ ഇതിൽ അവസാന തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ഇതോടൊപ്പം പി‌എസ്‌സിയുടെ നിയമനത്തെയും ഒഴിവുകളെയും കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കാനായി ഓരോ വകുപ്പിലെയും സ്ഥാപനത്തിലെയും തസ്തികകളുടെ എണ്ണം, അവിടെ നിലവിൽ ജോലി ചെയ്യുന്നവരും അവരുടെ വിരമിക്കൽ തീയ്യതിയും, ഉണ്ടാകുന്ന ദീർഘകാല അവധികൾ, നിയമനം പ്രഖ്യാപിച്ച തസ്‌തികകള്‍ എന്നിവയെല്ലാം വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.