മഹാരാജാസ് കോളേജിലെ വിവാദ പരീക്ഷകൾ റദ്ദാക്കി

Education Keralam News

കൊച്ചി: പരീക്ഷാ ഹാളിൽ വെളിച്ചമില്ലാതെ വന്നതിനെ തുടർന്ന് വിദ്യാർത്ഥികൾ മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റിൽ പരീക്ഷ എഴുതിയ സംഭവത്തിൽ നടപടി. വിവാദ പരീക്ഷകൾ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാനത്തുടനീളം മഴയും ഇടിയും കാറ്റുമായിരുന്ന നേരത്ത് രണ്ടാം വ‍ര്‍ഷ ബിരുദ, ബിരുദാനന്തര പരീക്ഷകൾ നടക്കുന്നതിനിടയിൽ കോളേജിലെ വൈദ്യുതി ബന്ധം തടസ്സപ്പെടുകയായിരുന്നു.

വെളിച്ചമില്ലാതെ പരീക്ഷ എഴുതാൻ കഴിയില്ലെന്ന് വന്നതോടെ വിദ്യാർത്ഥികൾ തങ്ങളുടെ മൊബൈൽ ഫോൺ വെളിച്ചത്തിൽ പരീക്ഷ പൂർത്തിയാക്കുകയായിരുന്നു. നിയമപ്രകാരം പരീക്ഷാ ഹോളിൽ മൊബൈൽ ഫോണുമായി പ്രവേശിക്കാൻ പാടില്ല. മൊബൈൽ ഫോൺ, സ്മാ‍ര്‍ട്ട് വാച്ച്, ഇയര്‍ഫോൺ ഉൾപ്പെടെയുള്ളവ ഹാളിൽ പ്രവേശിപ്പിക്കരുതെന്ന സര്‍ക്കുലര്‍ പരീക്ഷാ കൺട്രോള‍ര്‍ പുറപ്പെടുവിച്ചിരുന്നു.

സംഭവം വിവാദമായതോടെയാണ് കോളേജ് നടപടി. ഗവേർണിങ് കൗൺസിലിന്റെ നിർദ്ദേശത്തെ തുടർന്നാണ് പ്രിൻസിപ്പൽ പരീക്ഷ റദ്ദാക്കിയത്. റദ്ദാക്കിയ പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കും.