ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി അറസ്റ്റിൽ

Crime Local News

ഹരിപ്പാട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മാല ബൈക്കിലെത്തി പൊട്ടിച്ചു കടന്നുകളഞ്ഞ കേസിലെ പ്രതിയെ പിടികൂടി. തിരുവനന്തപുരം നെയ്യാറ്റിൻകര കൊടങ്ങവിള കിരൺ നിവാസിൽ പ്രവീൺ (24) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 19ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാർത്തികപ്പള്ളി ജംഗ്ഷന് വടക്കുവശം വെച്ച് സ്കൂട്ടറിൽ യാത്ര ചെയ്തു വരികയായിരുന്ന വെട്ടുവേനി നിഷാ ഭവനത്തിൽ നിഷയുടെ അഞ്ചര പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സംഭവത്തെ തുടർന്ന് തിരുവനന്തപുരം ബാലരാമപുരം ഐട്ടിയൂർ വരവിളകത്തു വീട്ടിൽ ഹക്കീം( 27) നെ കഴിഞ്ഞ ആഴ്ച തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷണ ശേഷം ഹൈവേയിൽ എത്തിയ ഇവർ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി കറങ്ങി നടന്ന ശേഷം തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകുകയായിരുന്നു. തെറ്റായ നമ്പർ പ്ലേറ്റ് ഉപയോഗിച്ച ബൈക്കിലായിരിന്നു പ്രതികളുടെ യാത്ര. മോഷണത്തിന് ശേഷം മംഗലാപുരത്തേക്ക് കടന്ന പ്രവീൺ അവിടെ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.