ദേവികുളം സബ്കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം

Breaking News

ഇടുക്കി: ദേവികുളം സബ്കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം നടന്നതായി പരാതി. അടിമാലിയിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് പണം ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശം ലഭിച്ചത്. ഈ ഫേസ്ബുക്ക് അക്കൗണ്ടില്‍ സബ്കളക്ടറുടെ ചിത്രം തന്നെയാണ് പ്രൊഫൈല്‍ ഫോട്ടോയായി ഉപയോഗിച്ചിട്ടുള്ളത്.

ഈ അക്കൗണ്ടില്‍ നിന്ന് മാധ്യമപ്രവര്‍ത്തകന് ആദ്യം ഓണാശംസകള്‍ ലഭിക്കുകയായിരുന്നു. തിരിച്ച് ആശംസ അയച്ചപ്പോള്‍ തനിക്ക് അത്യാവശ്യമായി 15000 രൂപ ആവിശ്യമുണ്ടെന്നും അത് താന്‍ പറയുന്ന നമ്പറിലേക്ക് അയക്കാമോ എന്നും ചോദിച്ചുള്ള സന്ദേശം ലഭിച്ചു. ഇതോടെ സംഭവം ഓണ്‍ലൈന്‍ പണം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ വിവരം പോലീസിനേയും കളക്ടറേയും അറിയിച്ചു. കളക്ടറുടെ പേരില്‍ നിന്നുള്ള അക്കൗണ്ടില്‍ നിന്ന് മുമ്പും പണം തട്ടാനുള്ള ശ്രമം നടന്നിരുന്നു. അന്ന് പോലീസ് കേസെടുത്ത് അന്വേഷിച്ചിരുന്നെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സമാന സംഭവം വീണ്ടും നടന്നതിന്റെ പശ്ചാത്തലത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.