ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസിൽ ശരത്തിനെയും കൂട്ടുപ്രതിയാക്കും

Crime Keralam News

കൊച്ചി : ഗൂഢാലോചനാ കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ കൂട്ടുപ്രതിയാക്കും. കേസിൽ ആറാം പ്രതിയായാണ് ശരത്തിന്റെ പേര് ചേർക്കുക. സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ വിഐപി ശരത്താണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. ശരത്തിനെ വൈകീട്ട് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.

ദിലീപുമായി സൗഹൃദമുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ പറഞ്ഞ ശരത്ത് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്. വധഗൂഡാലോചനാ സമയത്ത് ശരത്തും ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ ‘വി.ഐ.പി’ ശരത് ജി നായർ തന്നെയെന്ന് ക്രൈംബ്രാഞ്ച് 2022 ജനുവരി 18നാണ് സ്ഥിരീകരിച്ചത്. ശരത്തിന്റെ ജീവനക്കാരുടെ ഫോണിലെ ശബ്ദ സാമ്പിളുകളും ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പിലെ ശബ്ദവും പരിശോധിച്ചാണ്, ശബ്ദം ശരത്തിന്റേത് തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചത്.