അഹിന്ദുവായതിനാൽ കൂടല്‍ മാണിക്യം ഉത്സവത്തിലെ നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചുവെന്ന ആരോപണവുമായി നര്‍ത്തകി

Crime Local News Religion

മലപ്പുറം : മുസ്ലിം ആയതിനാൽ കൂടല്‍ മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചുവെന്ന ആരോപണവുമായി നര്‍ത്തകി മന്‍സിയ. ഏപ്രില്‍ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ചതിന് ശേഷമാണ് തന്നെ തഴഞ്ഞതെന്ന് മനുഷ്യ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. ക്ഷേത്ര ഭാരവാഹികളില്‍ ഒരാളാണ് തന്നോട് ഇക്കാര്യം അറിയിച്ചതെന്നും വിവാഹത്തിന് പിന്നാലെ മതം മാറിയോ എന്ന ചോദ്യം ചോദിച്ചുവെന്നും മന്‍സിയ പറയുന്നു.

ഇതേ അനുഭവം ആദ്യമായല്ലെന്നും ഗുരുവായൂരിലും അവസരം നിഷേധിക്കപ്പെട്ടിരുന്നുവെന്നും മന്‍സിയ പറയുന്നു. കലകളും കലാകാരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കുമെന്നും കാലം മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രമാണ് ഇത് പറയുന്നതെന്നും വിശദമാക്കിയാണ് മന്‍സിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്തു നിന്നുള്ള മന്‍സിയ ക്ഷേത്ര കലകള്‍ പഠിച്ചതിന്‍റെ പേരില്‍ ഏറെ വിവേചനം നേരിട്ട് മുസ്ലിം പെണ്‍കുട്ടിയാണ്. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എം എ ഭരതനാട്യത്തിന് ഒന്നാം റാങ്കോടെയാണ് മന്‍സിയ പാസായത്.