റിയാദിൽ സന്ദര്‍ശന വിസയിലെത്തിയ കൊല്ലം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

Local News Pravasi

റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയില്‍ എത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മുകുന്ദപുരം കോയിവിള പുത്തന്‍ സങ്കേതം പുതിയ വീട്ടില്‍ ഷറഫുദ്ദീന്‍ (64) ആണ് കുഴഞ്ഞുവീണ് മരിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ജോലി ചെയ്യുന്ന മകന്റെ അടുത്തേക്ക് ഭാര്യ ലൈലാ ബീവിക്കൊപ്പം ഒരു മാസം മുമ്പാണ് നാട്ടില്‍ നിന്നും വന്നത്.

ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരി കഴിഞ്ഞു വീട്ടിലെത്തി ഭക്ഷണത്തിനു ശേഷം വിശ്രമിക്കുന്നതിനിടയിലായിരുന്നു കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ദീര്‍ഘകാലം സൗദിയില്‍ ജോലി ചെയ്തിരുന്ന ഷറഫുദ്ധീന്‍ ഏതാനും വര്‍ഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് പോയി നാട്ടില്‍ വിശ്രമജീവിതത്തില്‍ ആയിരുന്നു. അതിനിടയിലാണ് മകന്റെ അടുത്തേക്ക് സന്ദര്‍ശന വിസയില്‍ വന്നത്.