കേരള ബജറ്റ് 2022 ; പെട്രോളിനും മദ്യത്തിനും ലോട്ടറിക്കും വില കൂടിയേക്കും

Keralam News

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അടുത്ത കേരള ബജറ്റിൽ നികുതി ഉയർത്തിയേക്കുമെന്ന് സൂചന. കൂടുതൽ കടമെടുത്ത് വികസന പ്രവർത്തനങ്ങൾ തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വരുമാനം കുറഞ്ഞതും അടുത്ത വർഷം മുതൽ കേന്ദ്ര വിഹിതം കുറക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നികുതി വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികൾ സർക്കാരിന് മുന്നിലില്ല.

നികുതി ഇതര വരുമാനം വർധിപ്പിക്കാനുള്ള വഴികളും നോക്കുന്നുണ്ട്. നിലവിൽ സംസ്ഥാനത്തിന്റെ കടബാധ്യത 3.27 ലക്ഷം കോടിയാണ്. ഇത് 3.67 ലക്ഷം കോടി വരെയായി ഉയരാനാണ് സാധ്യത. കിഫ്ബി വഴി 70000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. സിൽവർ ലൈൻ പദ്ധതിക്ക് സംസ്ഥാന സർക്കാർ പറയുന്നത് പ്രകാരം 66000 കോടി രൂപയാണ് ചെലവ്.

സ്റ്റാമ്പ്, രജിസ്ട്രേഷൻ, മദ്യം, പെട്രോൾ, ബാർ, ലോട്ടറി എന്നിവയിൽ നിന്നുള്ള നികുതി വരുമാനം ഉയർത്താനുള്ള നിർദ്ദേശം ബജറ്റിൽ പ്രതീക്ഷിക്കാം. അടുത്ത സാമ്പത്തിക വർഷത്തിൽ റവന്യു ചെലവ് 1.50 ലക്ഷം കോടി കവിയുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ബജറ്റിൽ കേരളം ലക്ഷ്യമിട്ട റവന്യു വരുമാനം 1,30,422കോടി രൂപയായിരുന്നെങ്കിലും ജനുവരി അവസാനം വരെ എത്തിയ തുക കേന്ദ്ര ഗ്രാന്‍റ് അടക്കം 86720കോടി രൂപ മാത്രമാണ്. ചെലവ് 1,29,055 കോടിയാണ്.