ക്ലാസ്‌മുറികൾ ദേശീയപാതയ്ക്ക് ; നിലനിൽപ്പ് തന്നെ ആശങ്കയിലായി കാഞ്ഞങ്ങാട് സ്‌കൂൾ

Education Local News

കാഞ്ഞങ്ങാട്: ദേശീയ പാതാ വികസനത്തിനായി സ്ഥലമെടുത്തതോടെ നിലനിൽപ്പ് തന്നെ ആശങ്കയിലായി കാഞ്ഞങ്ങാട് കുളിയങ്കാലിൽ സ്ഥിതി ചെയ്യുന്ന തെരുവത്ത് എയുപി സ്കൂൾ. സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം ദേശീയപാതയ്ക്ക് വേണ്ടി പൊളിക്കേണ്ടി വന്നതോടെയാണ് സ്‌കൂളിന്റെ പ്രതിസന്ധി ആരംഭിച്ചത്. സ്ഥലപരിമിതി ആദ്യമേ നേരിട്ടിരുന്ന സ്കൂളിന്റെ രണ്ട് ക്ലാസ് മുറികളാണ് റോഡ് വികസനത്തിനായി തകർത്തത്. ഇതോടെ ക്ലാസ്മുറികൾ പണിയാനുള്ള അസൗകര്യം സ്കൂൾ മാനേജ്മെന്റിന് കടുത്ത തലവേദനയായി മാറിയിരിക്കുകയാണ്.

സ്കൂൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്‍റ് വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകി. റോഡ് നിർമ്മാണം കഴിഞ്ഞാൽ സ്കൂൾ കെട്ടിടത്തിനെ മുട്ടിയുരുമ്മിയെന്നോണമാകും സർവീസ് റോഡ് ഉണ്ടാവുക.റോഡ് തൊട്ടടുത്ത് വരുന്നത് കുട്ടികളുടെ സുരക്ഷയ്ക്കും വെല്ലുവിളിയാണ്. സ്കൂളിന് അടുത്തെങ്ങും സ്ഥലം കിട്ടാനില്ലാത്ത സ്ഥിതിയാണ്. സ്കൂളിനെ ഇവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള ആലോചനകളാണ് ഇപ്പോൾ പ്രഥമ പരിഗണനയിലുള്ളത്.

1962 ല്‍ ആരംഭിച്ച സ്കൂളി‍ല്‍ ഇപ്പോള്‍ 134 കുട്ടികള്‍ പഠിക്കുന്നു. ഒന്‍പത് അധ്യാപകരും ഒരു പ്യൂണും അടക്കം പത്ത് ജീവനക്കാരും സ്കൂളിലുണ്ട്.