വെജ് ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി വിളമ്പിയതിന് ഹോട്ടലില്‍ സംഘര്‍ഷം ; മൂന്ന് പേർക്ക് പരിക്ക്

Local News

പയ്യന്നൂർ : ഓഡർ ചെയ്ത വെജ് ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി വിളമ്പിയതിന് പിന്നാലെ ഹോട്ടലിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്. പയ്യന്നൂർ മെയിന്‍ റോഡിലെ മൈത്രി ഹോട്ടലിലാണ് ഇന്നലെ ഉച്ചയോടെ നാടകീയമായ സംഭവങ്ങൾ നടന്നത്. ഹോട്ടലിലെത്തിയ ഒരാള്‍ വെജ് ബിരിയാണി ആവശ്യപ്പെടുകയും കഴിക്കാനായി വിളമ്പുന്നതിനിടയിൽ ബിരിയാണി ചിക്കനാണെന്നത് ശ്രദ്ധയില്‍പ്പെടുകയുമായിരുന്നു. വിവരം ഹോട്ടലുടമയോട് പറഞ്ഞതിന് പിന്നാലെ തര്‍ക്കമാവുകയുമായിരുന്നു.

ഭക്ഷണം മാറ്റി നല്‍കാന്‍ ഹോട്ടലുടമ തയ്യാറായില്ലെന്നാണ് ആരോപണം. ഹോട്ടലുടമയുമായുള്ള തര്‍ക്കം ശ്രദ്ധയില്‍പ്പെട്ടതോടെ ഹോട്ടലിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ പ്രശ്നത്തില്‍ ഇടപെടുകയും വിളമ്പിയ ചിക്കന്‍ ബിരിയാണി തങ്ങള്‍ എടുക്കാമെന്നും പകരം വെജ് ബിരിയാണി കൊടുക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഹോട്ടലുടമ പരിഗണിച്ചില്ല. ഇതോടെ തർക്കം രൂക്ഷമാവുകയായിരുന്നു.

ഹോട്ടലുടമ ഡി വി ബാലകൃഷ്ണന്‍, ഭക്ഷണം കഴിക്കാനെത്തിയ സി പി ഷിമിത്ത്, എംഎസ് സനൂപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പിന്നാലെ പൊലീസും എത്തുകയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ഹോട്ടലുടമയുടെ ഭാഗത്ത് നിന്നാണ് വീഴ്ചയുണ്ടായതെന്ന് വിശദമാക്കുകയും ചെയ്തു. ഇരുവിഭാഗവും സംഭവത്തില്‍ പൊലീസിന് പരാതി നല്‍കി.