സ്കൂള്‍ ബസിലെ വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച് അഞ്ചാംക്ലാസുകാരന്‍

Local News

ശ്രീമൂലനഗരം : സ്കൂള്‍ ബസിലെ വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി. ശ്രീമൂലനഗരം അകവൂർ ഹൈസ്കൂളിലെ ആദിത്യന്‍ രാജേഷിന്‍റെ ഇടപെടലാണ് വലിയൊരു അപകടത്തിൽ നിന്ന് ഒത്തിരി കുട്ടികളെ രക്ഷിച്ചെടുത്തത്. ഡ്രൈവര്‍ ഇല്ലാത്ത ബസ് തനിയെ മുന്നോട്ട് നീങ്ങിയപ്പോള്‍ ഡ്രൈവിംഗ് സീറ്റില്‍ ഓടിക്കയറിയ ആദിത്യൻ ബ്രേക്ക് ചവുട്ടി ബസ് നിര്‍ത്തുകയായിരുന്നു.

സ്കൂളിന് മുന്നിലെ റോഡിലായിരുന്നു സംഭവം നടന്നത്. വൈകിട്ട് ക്ലാസ് കഴിഞ്ഞതിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനായി വിദ്യാർഥികൾ ബസിൽ കയറി ഇരിക്കുന്ന നേരത്താണ് സംഭവം. ഡ്രൈവര്‍ ഇല്ലാതിരുന്ന ബസ്സിന്റെ ഗിയര്‍ തനിയെ തെന്നിമാറി ബസ് മുന്നോട്ട് നീങ്ങിതുടങ്ങിയപ്പോൾ ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ഭയന്ന് കരയുന്നതിനിടെയാണ് ആദിത്യന്‍റെ അവസരോചിതമായ ഇടപെടല്‍.

അമ്മാവന്റെ ടോറസ് ലോറിയിൽ ഇടയ്ക്ക് കയറുന്ന ആദ്യത്യന് ഡ്രൈവിംഗ് സംവിധാനത്തെക്കുറിച്ച് അത്യാവശ്യം നല്ല ധാരണയുണ്ടായിരുന്നതാണ് രക്ഷയായത്.